കൽപ്പറ്റ: സ്വയം തൊഴിൽ വായ്പയെടുത്ത് വിജയം കൈവരിക്കാൻ ഒരുങ്ങുന്ന വനിതാ സംരംഭകർക്ക് മാതൃകയും പ്രതീക്ഷയുമാണ് മുട്ടിൽ സ്വദേശിനി എസ്.സിന്ധു. വനിതാ വികസന കോർപ്പറേഷൻ നൽകിയ സ്വയം തൊഴിൽ വായ്പയെടുത്ത് ഭക്ഷണശാല തുടങ്ങി മികച്ച വനിതാ സംരംഭകയായതിന്റെ സന്തോഷത്തിലാണ് സിന്ധു.
കഴിഞ്ഞ വർഷമാണ് സിന്ധു കോർപ്പറേഷനിൽ നിന്ന് സ്വയം തൊഴിൽ വായ്പയെടുത്ത് മുട്ടിലിൽ ഭക്ഷണശാല തുടങ്ങിയത്. 1,95,000 രൂപയാണ് വായ്പയെടുത്തത്. 5 മാസം മുട്ടിലിൽ ഭക്ഷണശാല നടത്തിയതിന് ശേഷം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ വനിതാ കാന്റീൻ ആരംഭിക്കാനുള്ള അവസരം സിന്ധുവിന് ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും പുറത്തുനിന്നുള്ളവരുമടക്കം നിരവധി ആളുകൾ ദിവസേന ഭക്ഷണത്തിനായി കാന്റീനിൽ എത്തി. വായ്പ തുക അടച്ച ശേഷം വലിയൊരു തുക മാസം കിട്ടുന്നതിന്റെ സന്തോഷം സിന്ധു പങ്കുവെക്കുന്നു.
ഭർത്താവ് വാസുവും രണ്ട് ജോലിക്കാരും കാന്റീനിൽ സിന്ധുവിന്റെ സഹായത്തിനുണ്ട്. സാമ്പത്തിക സുരക്ഷയാണ് സ്ത്രീകളുടെ ശക്തിയെന്നും സംരംഭങ്ങൾ വഴി കാട്ടുമെന്നും സിന്ധു പറയുന്നു.