കൽപ്പറ്റ: സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള 15 ന് 3 മണിക്ക് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പട്ടയം കൈമാറി ഉദ്ഘാടനം ചെയ്യും. മാനന്തവാടി, ബത്തേരി, കൽപ്പറ്റ താലൂക്കുകളിലെ 802 ഗുണഭോക്താക്കൾക്കാണ് രണ്ടാം ഘട്ടത്തിൽ പട്ടയം നൽകുന്നത്.

ഭൂപതിവ് ചട്ടപ്രകാരമുളള 140 പട്ടയങ്ങളും, 7 ദേവസ്വം ക്രയ സർട്ടിഫിക്കറ്റുകളും, 335 മിച്ചഭൂമി പട്ടയങ്ങളും, മാനന്തവാടി ലാൻഡ് ട്രിബൂണലിലെ 250 ക്രയ സർട്ടിഫിക്കറ്റുകളും, വനാവകാശ നിയമ പ്രകാരമുള്ള 70 അവകാശ രേഖകളുമാണ് വിതരണം ചെയ്യുക.

കഴിഞ്ഞ ഏപ്രിലിൽ മീനങ്ങാടിയിൽ നടന്ന ഒന്നാംഘട്ട പട്ടയമേളയിലൂടെ 525 പേർ ഭൂമിയുടെ അവകാശികളായിരുന്നു. 2021 നവംബറിൽ 412 പേർക്ക് പട്ടയം നൽകി. ഇതോടെ ജില്ലയിൽ ഒരു വർഷത്തിനിടെ 1739 പേർക്ക് പട്ടയം നൽകാൻ സാധിച്ചു.

പുതുതായി നിർമ്മിച്ച മാനന്തവാടി സബ്കളക്ടർ ഓഫീസ്, താലൂക്ക് ഓഫീസ് അനക്സ് കെട്ടിടങ്ങൾ, പേര്യ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം, നവീകരിച്ച മാനന്തവാടി ലാന്റ് ട്രൈബൂണൽ ഓഫീസ്, താലൂക്ക് ഓഫീസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് എന്നിവയുടെയും ഉദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. ഒ.ആർ.കേളു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ എ.ഗീത, സബ്കളക്ടർ ആർ.ശ്രീലക്ഷ്മി, എ.ഡി.എം എൻ.ഐ.ഷാജു തുടങ്ങിയവർ പങ്കെടുക്കും.

വൈകുന്നേരം 4 ന് പനമരം സ്മാർട്ട് വില്ലേജും, 5ന് എടവക സ്മാർട്ട് വില്ലേജ് ഓഫീസും മന്ത്രി അതത് സ്ഥലങ്ങളിൽ നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.