7
പട്ടയം

മുക്കം ബാലകൃഷ്ണൻ

മുക്കം: കൊടിയത്തൂർ വില്ലേജിലെ മൈസൂർമലയിൽ താമസക്കാരും കൃഷിഭൂമി കൈവശമുള്ളവരുമായ നൂറുകണക്കിനാളുകൾ വർഷങ്ങളായി കാത്തിരിക്കുന്നത് സ്വന്തം ഭൂമിയുടെ രേഖയ്ക്കു വേണ്ടിയാണ്. കൈവശഭൂമിക്ക് പട്ടയം കിട്ടാൻ ഇവർ നിയമാനുസൃതം അപേക്ഷ നൽകി തെളിവുകൾ നൽകി

കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 40 മുതൽ 50 വർഷത്തോളം ഭൂമി കൈവശം വയ്ക്കുന്നവർ പോലുമുണ്ട് ഇവരുടെ കൂട്ടത്തിൽ. സർവേ നമ്പർ 172 ൽ പെട്ട ഇവരുടെ ഭൂമിക്ക് പട്ടയം കിട്ടുന്നതിന് തടസം നിൽക്കുന്ന മിച്ചഭൂമി സംബന്ധിച്ച നിയമം മറികടക്കാൻ പല പരിശ്രമങ്ങളും ഇതിനകം നടന്നു. എന്നാൽ അഴിക്കുന്തോറും മുറുകുന്ന കുരുക്കായി ഇത് മാറുകയാണ്. പല ഉദ്യോഗസ്ഥരും ഭൂമി സംബന്ധമായി പല തിരിമറികളും നടത്തുന്നതായി ആക്ഷേപമുണ്ട്. വില്ലേജ് ഓഫീസർമാരായിരിക്കുമ്പോൾ ഇത്തരം തിരിമറികൾക്ക് കരുക്കളായവർ തന്നെയാണ് സ്ഥാനക്കയറ്റത്തിലൂടെ താലൂക്ക് ഓഫീസിലും ലാന്റ് ട്രിബൂണൽ ഓഫീസിലും മറ്റും താക്കോൽ സ്ഥാനങ്ങളിൽ ചാർജ് ഓഫീസർമാരായി ഇരിക്കുന്നതെന്നും അവരാണ് ക്വാറിക്കാരുടെ സംരക്ഷണത്തിന് തങ്ങളുടെ പട്ടയം തടഞ്ഞുവയ്ക്കുന്നതെന്നും കർഷകർക്ക് പരാതിയുണ്ട്. റവന്യുമന്ത്രിക്കും ഇവർ ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ട്.പ്രശ്ന പരിഹാരത്തിന് പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി നടത്തിയ റീസർവ്വെയുടെ ഫലം പോലും ഉന്നത ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരിക്കുകയാണെന്നും അത്തരക്കാരെ സ്ഥാനത്തു നിന്നു മാറ്റി തങ്ങൾക്ക് അർഹമായ പട്ടയം ഉടൻ ലഭ്യമാക്കണമെന്നും റവന്യൂ മന്ത്രിക്കു നൽകിയ പരാതിയിൽ കർഷകർ ആവശ്യപ്പെടുന്നു.കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനത്തിലും ഇക്കാര്യം ചർച്ചയാവുകയും ഇതു സംബന്ധിച്ച് പ്രമേയം അംഗീകരിക്കുകയും ചെയ്തതായറിയുന്നു.

പ്രദേശത്ത് അനിയന്ത്രിത പാറ ഖനനം

തോട്ടുമുക്കം മേഖലയിലെ ഈ ഭൂമിയിൽ നിരവധി പാറ ക്വാറികൾ യാതൊരു തടസവും കൂടാതെ പ്രവർത്തിക്കുകയും പാറ ഖനനം ചെയ്ത് നാടിന്റെ നാനാ ഭാഗത്തേക്കും കയറ്റി അയയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്രകാരം പാറക്വാറികൾ പ്രവർത്തിക്കുന്നതിൽ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പോലും ഉൾപെടുമെന്നും പല ഭൂമിയുടെയും രേഖകളിൽ തിരിമറി നടത്തിയതാണെന്നും അധികൃതർക്ക് അറിയാത്തതല്ല. എന്നാൽ പലരും ഇതെല്ലാം കണ്ടിട്ടും മൗനം പാലിക്കുകയാണ്.