news
കോതോടിൽ പ്രത്യേകം തയ്യാറായിൽ തോട്ടത്തിൽ മുളപ്പിക്കാൻ പാകിയ തേങ്ങകൾ

കുറ്റ്യാടി : ഗുണമേന്മയിലും ഉല്പാദനത്തിലും പേരും പെരുമയുമുള്ള കുറ്റ്യാടി തേങ്ങയുടെ വിപണി മൂല്യം തിരിച്ചു പിടിക്കാനായി മരുതോങ്കര ഗ്രാമപഞ്ചായത്ത് ഒരുക്കിയ പദ്ധതി കൈയടി നേടുന്നു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഏഴായിരത്തിൽപരം വിത്ത് തേങ്ങകളാണ് കോതോടുള്ള തോട്ടത്തിൽ പാകി മുളപ്പിക്കുന്നത്. പഞ്ചായത്തിലെ നാളികേര കർഷകരിൽ നിന്നും അൻപത് രൂപയ്ക്കാണ് തേങ്ങ ശേഖരിച്ചത്. പാകമെത്തിയ തൈകൾ അടുത്ത വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ തിരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടു കൊടുക്കും. തെങ്ങും തേങ്ങയും അന്യമാകുമ്പോൾ ഗുണമേന്മയിൽ ഏറെ മുന്നിലുള്ള കുറ്റ്യാടി തേങ്ങയുടെ വിപണന സാദ്ധ്യത ഏറെ പിന്നൊക്കാവസ്ഥയിലേക്ക് പോകുമ്പോഴാണ് പദ്ധതിയുമായി മരുതോങ്കര ഗ്രാമപഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നാളികേരവും വെളിച്ചെണ്ണയും മാർക്കറ്റിൽ പിടിച്ചു നിന്നപ്പോൾ മലയോര കേരകർഷകർ ഏറെ പ്രതിസന്ധിയിലാവുകയായിരുന്നു. തേങ്ങയുടെ വിലയിടിവ്, രോഗങ്ങൾ ,കൃഷി, തെങ്ങ്കയറ്റത്തിന് ജോലിക്കാരുടെ ലഭ്യത കുറവ് തുടങ്ങിയവയെല്ലാം കർഷകന്റെ നട്ടെല്ല് തകർത്ത വിഷയമായി തുടരുമ്പോഴാണ്. മലയോര നാളികേര കർഷകർക്ക് ഊർജ്ജം മേഖലയ്ക്ക് നൽകി തെങ്ങുകൃഷി പ്രോൽസാഹനവുമായി ഗ്രാമപഞ്ചായത്ത് എത്തിയതെന്ന് മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത് പറഞ്ഞു.

കുറ്റ്യാടി തേങ്ങ

കുറ്റ്യാടി തെങ്ങും തേങ്ങകളും ഏറെ സവിശേഷതയുള്ളവയാണ്. കാമ്പ് കൂടുതലുള്ളതും ഗുണമേന്മയുള്ള വെളിച്ചെണ്ണ ലഭിക്കുന്നതുമായ തേങ്ങയാണിവ. വിത്ത് തേങ്ങകൾക്കായും ഇവ വ്യാപകമായി ഉപയോഗിക്കാറുണ്ട്.