 
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധസമരങ്ങൾക്ക് നേരെ സി.പി.എമ്മും പൊലീസും നടത്തുന്ന അക്രമങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത കരിദിനാചരണത്തിൽ കോഴിക്കോട്ട് അക്രമം. കോഴിക്കോട് ഡി.സി.സി ഓഫീസിൽ നിന്ന് രാവിലെ തുടങ്ങിയ മാർച്ചിൽ വഴിനീളെ പ്രവർത്തകർ സി.പി.എം ബോർഡുകളും കൊടികളും തോരണങ്ങളും വലിച്ചു കീറി. ക്രിസ്ത്യൻകോളജ് പരിസരം, മാവൂർറോഡ്, ഡി.സി.സി ഓഫീസ് ഭാഗം തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രവർത്തകർ അക്രമം കാട്ടി.
മാനാഞ്ചിറ സ്‌ക്വയറിൽ മിഠായിത്തെരുവ് എസ്.കെ. പ്രതിമയ്ക്ക് സമീപത്തായുള്ള സി.പി.എം.കൊടി വലിച്ച് പൊട്ടിക്കാൻ നടത്തിയ ശ്രമം പൊലീസ് നേരിട്ടു. തുടർന്ന് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. അരമണിക്കൂറോളം കണ്ണൂർ-വയനാട് റോഡിൽ ഗതാഗതം മുടങ്ങി. ഇനി അടികൊണ്ടുപോകാൻ കോൺഗ്രസ് പ്രവർത്തകർ തയാറല്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നുമുള്ള മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്റെ ആഹ്വാനം പ്രവർത്തകർ കൈയ്യടിയോടെ വരവേറ്റു.
പരിപാടിയിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ .പി.എം.നിയാസ്, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, ഹബീബ് തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.മമ്മദ് കോയ, ചോലക്കൽ രാജേന്ദ്രൻ, പി.എ.ഗംഗേഷ്, രാജേഷ് കീഴരിയൂർ, വിനോദ് പടനിലം, ഷെറിൽ ബാബു, ഷാജിർ അറാഫത്ത്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
കുറ്റ്യാടി: മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കരിദിനം കോരങ്കോട്ട് ജമാൽ ഉദ്ഘാടനം ചെയ്തു. എൻ.കെ.കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രൻ , മനോജൻ സി.ജീവൻസ് പ്രകാശ്, മോഹനൻ മത്തത്ത്, എം.കെ ഇബ്രാഹിം, ഡി.കെ.മുഹമ്മദ്, കെ.പി സലാം, പി.പി കെ നവാസ്.എം കെ അബ്ദുല്ല ഫിറോസ് കോരങ്കോട്ട്, ഭാസ്‌കരൻ എം, അലി കെ.പി , പ്രകാശൻ കെ അമ്മത് വിപി തുടങ്ങിയവർ പങ്കെടുത്തു.
തിരുവമ്പാടി: തിരുവമ്പാടിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ.പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു കളത്തൂർ, ബോസ് ജേക്കബ്, പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ, ടി.ജെ കുര്യാച്ചൻ, ടി.എൻ സുരേഷ്, അബ്ദു കൊയങ്ങോറൻ എന്നിവർ പ്രസംഗിച്ചു.
മുക്കം: മുക്കത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ബ്ലോക്ക് കമ്മിറ്റി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാർ, സഹകരണ സംഘം ഡയറക്ടർമാർ, നഗരസഭാ കൗൺസിലർമാർ, പോഷക സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്ത പ്രകടനത്തിന് എം.ടി.അഷ്രഫ്, പ്യേടത്ത് ചന്ദ്രൻ, വേണു കല്ലുരുട്ടി,നിഷാബ് മുല്ലോളി, റഫീഖ് മാളിക, ജുനൈദ് പാണ്ടികശാല, നിഷാദ് മുക്കം, സജീഷ് മുത്തേരി എന്നിവർ നേതൃത്വം നൽകി.
വടകര: അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കാളി ടൗണിൽ നടന്ന യോഗം ഡി.സി.സി സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. അനിൽകുമാർ ,എം ഇസ്മായിൽ, കെ.പി.വിജയൻ,കെ.പി.രവീന്ദ്രൻ കെ.കെ.ഷെറിൻ കുമാർ, ബബിത്ത് തയ്യിൽ, പി.വി.രാജീവൻ, സോമൻ കൊളരാട്, പുരുഷു രാമത്ത് , ഷെറഫുദ്ധീൻ, രാജീവൻ എടത്തട്ട , ഷഹീർ അഴിയുർ , നസീർ വീരോളി , എൻ. ധനേഷ്, ബാബു, പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.