പുൽപ്പള്ളി: സൗത്ത് ഇന്ത്യൻ ബാങ്ക് ഉപഭോക്താവായിരുന്ന എം.വി.ടോമിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേരിൽ പുൽപ്പള്ളി ശാഖയിലുള്ള വായ്പാ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകവും വസ്തുതാ വിരുദ്ധവുമാണെന്ന് ബാങ്ക് അധികൃതർ. അക്കൗണ്ടുകൾ 2014ൽ നിഷ്‌ക്രിയ ആസ്തിയായി മാറുകയും വായ്പാ തിരിച്ചടവിൽ പ്രതിസന്ധി നേരിടുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ സഹായിക്കാനായി ബാങ്ക് ശ്രമങ്ങൾ നടത്തിവരുന്നതിനിടെയാണ് ദൗർഭാഗ്യകരമായ മരണം ഉണ്ടായത്.
അദ്ദേഹത്തിന്റെ കുടുംബത്തോട് അനുതാപപൂർണമായ നടപടികളാണ് ബാങ്ക് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ ബാങ്ക് ഒരു നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് വായ്പ പൂർണമായും എഴുതിത്തള്ളുകയും ഈടായി വച്ച വസ്തുവിന്റെ ആധാരം രണ്ടാഴ്ച്ചയ്ക്കകം തിരിച്ചു നൽകുമെന്നുമുള്ള തരത്തിലാണ് ഒരു വിഭാഗം മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് തീർത്തും തെറ്റാണ്. ഇത്തരമൊരു നിർദേശം ബാങ്ക് ഒരിക്കലും നൽകിയിട്ടില്ല.
റിസർവ്വ് ബാങ്കിന്റെ മാർഗനിർദേശങ്ങളും ചട്ടങ്ങളും അനുസരിച്ചു മാത്രമെ സൗത്ത് ഇന്ത്യൻ ബാങ്കിനും തീരുമാനങ്ങളെടുക്കാൻ കഴിയൂ. ഇതുപ്രകാരം മരണപ്പെട്ട ഉപഭോക്താവിന്റെ വായ്പാ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ യുക്തിസഹമായ ഒരു നിർദേശമാണ് കുടുംബത്തിനു മുമ്പാകെ വച്ചത്. ഇത് പൂർണമായും റിസർവ്വ് ബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ചുള്ളതുമാണ്.
മരണപ്പെട്ടയാളുടെ കുടുംബത്തെ പിന്തുണയ്ക്കാനും വായ്പാ അക്കൗണ്ട് പ്രതിസന്ധി രമ്യമായും, നിയമമനുസരിച്ചും പരിഹരിക്കാനും ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ബാങ്ക് വ്യക്തമാക്കി.