കോളേരി: പനമരം ബീനാച്ചി റോഡിൽ ഒരേ സ്ഥലത്ത് രണ്ട് അപകടങ്ങൾ. കിഴക്കേ കോളേരിയിൽ ഇന്നലെ രാവിലെ അഞ്ചേ മുക്കാലിനും ഏഴരയ്ക്കും ഇടയിലാണ് അപകടങ്ങൾ നടന്നത്. പായ്ക്കറ്റ് പാലുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറിയായിരുന്നു ആദ്യത്തെ അപകടം. സ്റ്റേ പോസ്റ്റ് മാത്രം തകർന്നതിനാൽ വൻ ദുരന്തം ഒഴിവായി.

രണ്ടാമത്തെ അപകടത്തിൽ മൂന്നാനക്കുഴിയിൽ നിന്ന് കേണിച്ചിറ ഭാഗത്തേക്ക് പോയ ഗുഡ്സ് ജീപ്പ് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റ് ഇടിച്ചു തകർത്ത് വീടിന്റ മതിലും തകർത്താണ് നിന്നത്. ഇവിടെ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ചോലമരത്തിന്റെ പഴം കനത്തിൽ റോഡിൽ വീണു കിടക്കുന്നതുമൂലമുണ്ടാകുന്ന വഴുവഴുപ്പാണ് ഈ അപകടങ്ങൾക്ക് കാരണമെന്നു പറയുന്നു. എത്രയും വേഗം മരം വെട്ടിമാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.