 
കോഴിക്കോട്: ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികൾ കേരള സർക്കാർ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ. കേന്ദ്ര പദ്ധതികളുടെ കോഴിക്കോട് ജില്ലയിലെ ഗുണഭോക്താക്കളുടെ സമ്മേളനം ഗരീബ് കല്യാൺ ജനസഭ എന്ന പേരിൽ തളി മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയോടുള്ള വിരോധം കാരണം കേന്ദ്ര പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്തെ ജനങ്ങളിലെത്തുന്നത് തടയാനുള്ള ശ്രമങ്ങളാണ് പിണറായി വിജയൻ സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില പദ്ധതികൾ പേര് മാറ്റി കേരള സർക്കാരിന്റെ പദ്ധതികളാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മുന്നിട്ടിറങ്ങാൻ ബി.ജെ.പി പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം കെ.പി. ശ്രീശൻ, ഇ. പ്രശാന്ത്കുമാർ, പി. രമണീഭായി, സരിത പറയേരി, അയനിക്കാട് ശശിധരൻ, ബി.കെ. പ്രേമൻ, രാമദാസ് മണലേരി,കെ.രജനീഷ് ബാബു,ടി.എ.നാരായണന്‍ മാസ്റ്റര്‍,ഹരിദാസ് പൊക്കിണാരി,സി.പി.സതീശന്‍ തുടങ്ങിയവർ പ്രസംഗിച്ചു.