കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ കാർഡുകൾ നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കലക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം എം.വിജയലക്ഷ്മി മുൻഗണനാ റേഷൻ കാർഡുകളുടെ ജില്ലാതല വിതരണം ഉദ്ഘാടനം ചെയ്തു. പുത്തൻകുന്ന് ചിറ്റൂർ കോളനിയിലെ ലക്ഷ്മി റേഷൻകാർഡ് ഏറ്റുവാങ്ങി. ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ്ജ് ജയിംസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസർ എ.കെ.റജീന, ജില്ലാ സപ്ലൈ ഓഫീസർ ജൂനിയർ സൂപ്രണ്ട് ഇ.എസ്.ബെന്നി, സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ ഇൻ ചാർജ്ജ് എം.എം.പ്രവീൺ ലാൽ, സുൽത്താൻ ബത്തേരി അസി. താലൂക്ക് ഓഫീസർ കെ.ബാലകൃഷ്ണൻ, റേഷനിംഗ് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ ആദ്യഘട്ടത്തിൽ 40 മുൻഗണനാ റേഷൻ കാർഡുകളാണ് വിതരണം ചെയ്തത്. ജില്ലയിൽ പരിപാടിയുടെ ഭാഗമായി 1319 റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റും.