മേപ്പാടി: മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ എട്ട് വർഷത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറ് പേർ. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളുടെ ആക്രമണത്തിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. വനാതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിലെ അപാകതയാണ് കാട്ടാനയുടെ ആക്രമണം തുടരുന്നതിന് കാരണം.
എട്ടുവർഷം മുൻപ് കുന്നമ്പറ്റയിൽ കാട്ടാനയുടെ ആക്രമണത്തിൽ എരുമക്കൊല്ലി സ്വദേശി ഹനീഫയാണ് ആദ്യമായി കൊല്ലപ്പെട്ടത്.
ഇതിനുമുൻപും കാട്ടാനയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു എങ്കിലും ആരും മരിച്ചിരുന്നില്ല. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനപാലകർക്കൊപ്പം തുരത്തുന്നതിനിടയിലാണ് ഹനീഫ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ആറു വർഷം മുൻപ് ചുളുക്ക സ്വദേശി എസ്.മണി കൊല്ലപ്പെട്ടതും കാട്ടാനയുടെ ആക്രമണത്തിൽ ആയിരുന്നു.
ചുളിക്ക എസ്റ്റേറ്റിലെ ജലവിതരണ ചുമതലയുള്ള തൊഴിലാളിയായിരുന്നു മണി. രാവിലെ ജലവിതരണം നടത്താനായി പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ മണി തൽക്ഷണം മരിച്ചു.
എളമ്പലേരിയിലെ റിസോർട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശി ഷഹാന കൊല്ലപ്പെട്ടതും കാട്ടാനയുടെ ആക്രമണത്തിലായിരുന്നു. റിസോർട്ടിലെ ടെന്റിൽ കഴിയുമ്പോൾ കാട്ടാനയെ കണ്ട് ഇറങ്ങി ഓടുന്നതിനിടയിലാണ് ഷഹാന ആനയുടെ ആക്രമണത്തിന് ഇരയായത്.
കുന്നമ്പറ്റ സ്വദേശി പാർവതി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഒരു മാസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് പാർവതി മരണത്തിന് കീഴടങ്ങിയത്.
ഏറ്റവും ഒടുവിലാണ് കഴിഞ്ഞദിവസം അരണമല സ്വദേശി മോഹനൻ കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്ന നിരവധി പേർ ഈ പ്രദേശത്ത് ഉണ്ട്. ആനയുടെ ആക്രമണം തുടരുമ്പോഴും പ്രതിരോധിക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് വനംവകുപ്പ്.
ചെമ്പ്രമല ,വെള്ളരിമല, നിലമ്പൂർ വനമേഖല എന്നിവിടങ്ങളിൽ നിന്നാണ് ഈ പ്രദേശത്തേക്ക് ആനകൾ എത്തുന്നത്.
കിലോമീറ്ററുകൾ വരുന്ന ഭാഗത്ത് ഫെൻസിങ് സ്ഥാപിക്കുന്നതിന് കോടികൾ ചിലവാകും. വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച ഫെൻസിംഗ് കാലപ്പഴക്കത്താൽ തകർന്നിരിക്കുകയാണ്.