biriyani
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് കിഡ്‌സൺ കോർണറിൽ നടന്ന സ്വർണ ബിരിയാണി ദൃശ്യ ആവിഷ്‌കരണത്തിൽ നിന്ന്.

കോഴിക്കോട്: മഹിളാമോർച്ച ഇന്നലെ രാവിലെ കിഡ്സൺ കോർണറിൽ അവതരിപ്പിച്ച 'സ്വർണ ബിരിയാണി' ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. ബിരിയാണി ചെമ്പും സ്വർണക്കട്ടിയായി വർണക്കടലാസിൽ പൊതിഞ്ഞ വസ്തുക്കളും മുന്നിൽ വച്ചായിരുന്നു മഹിളാമോർച്ച പ്രവർത്തകർ കറുത്ത വസ്ത്രവുമണിഞ്ഞ് പരിപാടി ആവിഷ്കരിച്ചത്.

സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ പങ്ക് ആരോപിക്കുന്ന തരത്തിലായിരുന്നു ദൃശ്യാവിഷ്കാരം. മുഖ്യമന്ത്രിയുടെ വാക്കുകൾ ഇടയ്ക്കിടെ എടുത്ത് പറഞ്ഞ് പരിഹസിക്കുന്ന പരിപാടിയിൽ മകൾ വീണാ വിജയൻ, ഭാര്യ കമല, കെ.ടി ജലീൽ, കെ സുധാകരൻ, സ്വപ്ന സുരേഷ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ.

പിണറായിയായി മഹിളമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എ.കെ സുപ്രിയ, വീണ വിജയനായി റൂബി പ്രകാശ്, സ്വപ്ന സുരേഷായി സോമിത, കെ.ടി ജലീൽ ആയി പി.കെ ലീല, കെ സുധാകരൻ ആയി രമ്യ മുരളി, കമല വിജയനായി പ്രഭാദിനേശൻ എന്നിവർ വേദിയിലെത്തി.

പരിപാടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കും വരെ സമരം തുടരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രമ്യ ഹരിദാസ് സംസാരിച്ചു.