232 കുട്ടികൾ 10 വിഷയങ്ങളിൽ പരീക്ഷയെഴുതിയില്ല

കൽപ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷാ വിജയത്തിൽ വയനാട് വിദ്യാഭ്യാസ ജില്ലയുടെ സ്ഥാനം 41. റവന്യൂ ജില്ലാടിസ്ഥാനത്തിലാണെങ്കിൽ 14ാം സ്ഥാനം. സംസ്ഥാന വിജയശതമാനം 99.26 ആയപ്പോൾ വയനാടിന് 98.07 ശതമാനം. 12181 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 11946 പേർ തുടർപഠന യോഗ്യത നേടി. 235 കുട്ടികൾ യോഗ്യരായില്ല. 830 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 2566 ആയിരുന്നു.
സർക്കാർ ഹൈസ്‌കൂളുകളിൽ നിന്ന് 6987 പേർ പരീക്ഷ എഴുതിയപ്പോൾ 6798 പേരും (97%), എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 4716 പേർ പരീക്ഷയ്ക്കിരുന്നപ്പോൾ 4670 പേരും (99%) യോഗ്യരായി.

ഗവ.സ്‌കൂളുകളിൽ നിന്ന് 189 പേരും എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് 46 പേരുമാണ് തുടർ പഠന യോഗ്യത നേടാതിരുന്നത്. ആൺകുട്ടികൾ 189, പെൺകുട്ടികൾ 46. ആറ് അൺഎയ്ഡഡ് സ്‌കൂളുകളിൽ നിന്നായി 478 പേർ പരീക്ഷയെഴുതി. വിജയം 100 ശതമാനം.
ഗോത്ര വിഭാഗം വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് ഹാജരാവാതിരുന്നതിലും തുടർപഠന യോഗ്യത നേടാതിരുന്നതിലും മുന്നിൽ. മേപ്പാടി, വെള്ളമുണ്ട, വടുവഞ്ചാൽ, കൽപ്പറ്റ, കാട്ടിക്കുളം, ചീരാൽ, പനമരം എന്നീ സർക്കാർ സ്‌കൂളുകളിലാണ് പരീക്ഷയ്ക്ക് ഹാജരാവാതിരുന്നവർ കൂടുതൽ. മേപ്പാടിയിൽ 12 പേർ ഇംഗ്ലീഷ് പരീക്ഷ എഴുതിയില്ല.
60 സർക്കാർ ഹൈസ്‌കൂളുകളിലും 23 എയ്ഡഡ് ഹൈസ്‌കൂളുകളിലും 6 അൺഎയ്ഡഡ് സ്‌കൂളുകളിലുമാണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. ഐ.ടി.പരീക്ഷയ്ക്ക് 22 കുട്ടികൾ ഹാജരായില്ല. 176 ആൺകുട്ടികളും 56 പെൺകുട്ടികളുമാണ് വിവിധ വിഷയങ്ങളുടെ പരീക്ഷ എഴുതാതെ മാറിനിന്നത്.

104 പേർക്ക് രസതന്ത്രത്തിൽ ഡി പ്ലസ് നേടാനായില്ല. ഐ.ടി, ബയോളജി,ഭാഷ വിഷയങ്ങളിൽ മുഴുവൻ കുട്ടികളും വിജയിച്ചു.

ജില്ലാ ശരാശരിക്ക് താഴെ 22 സ്‌കൂളുകൾ ജില്ലയിലുണ്ട്. 1263 ആൺകുട്ടികൾക്കും 567 പെൺകുട്ടികൾക്കുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. പരീക്ഷയ്ക്കിരുത്തിയ മുഴുവൻ കുട്ടികളെയും തുടർപഠനം സ്വന്തമാക്കിയ 51 സ്‌കൂളുകൾ ജില്ലയിലുണ്ട്. 29 സർക്കാർ സ്‌കളുകളും,16 എയ്ഡഡ് സ്‌കൂളുകളും 6 അൺഎയ്ഡഡ് സ്‌കൂളുകളും.