കോഴിക്കോട് : ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളം കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമ്മർ ഫാറൂഖ് അദ്ധ്യക്ഷനായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ ജില്ലയിൽ ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങളെ കുറിച്ചും നടപ്പിലാക്കുന്ന നൂതന പദ്ധതികളെ കുറിച്ചും ആമുഖ പ്രഭാഷണം നടത്തി. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന പത്ത് ഫോക്കസ് മേഖലകൾ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. വി. ജിതേഷ് സംസാരിച്ചു. പകർച്ചവ്യാധി പ്രതിരോധ മേഖലയിലെ ജില്ലയിലെ പ്രവണതകളും വെല്ലുവിളികളും ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സരള നായർ അവതരിപ്പിച്ചു. സമ്പൂർണ ജീവിതശൈലീ രോഗ നിയന്ത്രണത്തിനായി ത്രിതല പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ലക്ഷ്യങ്ങളും ഘടനയും ടെക്‌നിക്കൽ അസിസ്റ്റന്റ് എ.ജെ. ജോസ് അവതരിപ്പിച്ചു.