കൽപ്പറ്റ: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ മുതിർന്നവരുടെ കരുതൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

ജൂൺ 15 വരെ 37522 പേരാണ് കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചത്. അന്നുമാത്രം 18 പേർ കരുതൽ ഡോസെടുത്തു. 18 വയസ്സിന് മുകളിലുള്ള 659698 പേർ ജില്ലയിലുണ്ട്. ജൂൺ 15 വരെ 18 വയസ്സിന് മുകളിലുള്ള 691085 പേർ ആദ്യ ഡോസ് വാക്സിനും (104.76 ശതമാനം ജില്ലയ്ക്ക് പുറത്തുനിന്ന് എത്തിയവർ ഉൾപ്പെടെ) 610477 പേർ രണ്ടാം ഡോസ് വാക്സിനും (92.54 ശതമാനം) സ്വീകരിച്ചു.

ജില്ലയിൽ 15നും 17നും ഇടയിൽ പ്രായമുള്ള 29245 കുട്ടികളാണുള്ളത്. ഈ പ്രായത്തിനിടയിലുള്ള 36394 കുട്ടികൾ ഒന്നാം ഡോസും (124.45 ശതമാനം) 24027 കുട്ടികൾ രണ്ടാം ഡോസ് (82.16 ശതമാനം) വാക്സിനേഷനുമെടുത്തു.

12നും 14നും ഇടയിൽ പ്രായമുള്ള 27857 കുട്ടികളിൽ 16249 പേർ ഒന്നാം ഡോസ് വാക്സിൻ (58.33 ശതമാനം) സ്വീകരിച്ചു. 4803 കുട്ടികളാണ് രണ്ടാം ഡോസ് വാക്സിൻ (17.24 ശതമാനം) സ്വീകരിച്ചത്.

കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുതിർന്നവർക്ക് കരുതൽ ഡോസ് കൂടി നൽകാനാണ് സർക്കാർ നിർദേശം. ഗുരുതര രോഗങ്ങൾ ബാധിച്ചവരും കരുതൽ വാക്സിൻ എടുക്കണം. ഇപ്പോൾ രോഗം സ്ഥിരീകരിക്കുന്നവരിൽ ഈ വിഭാഗങ്ങളിലുള്ളവരിലാണ് ആശുപത്രി ചികിത്സയും, ഐ.സി.യു പരിചരണവും ആവശ്യമായി വരുന്നത്.

രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 9 മാസം പിന്നിട്ടവർ കരുതൽ ഡോസ് സ്വീകരിക്കണം. മുതിർന്നവർക്കും, പ്രമേഹം തുടങ്ങിയ ഇതര രോഗങ്ങൾ ഉള്ളവർക്കും, ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ എന്നിവർക്കും കരുതൽ ഡോസ് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി നൽകും.

60 വയസ്സിനു താഴെയുള്ള മേൽ വിഭാഗങ്ങളിൽ പെടാത്തവർക്ക് സ്വകാര്യ ആശുപത്രികളിൽ നിന്ന് അംഗീകൃത നിരക്കിൽ കരുതൽ ഡോസ് സ്വീകരിക്കാം.

സംസ്ഥാനത്ത് ഒമിക്രോൺ വകഭേദമാണ് പടരുന്നത്. ഇതിനു രോഗതീവ്രത താരതമ്യേന കുറവാണെങ്കിലും പെട്ടെന്നു പകരാൻ സാധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ ഉള്ളവർ കൊവിഡ് പരിശോധന നടത്തണം. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചുവെന്നു കരുതി കരുതൽ ഡോസ് എടുക്കാതിരിക്കരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.