കൽപ്പറ്റ: ഇഞ്ചിക്ക് വില ഇല്ലാതായതോടെ കർഷകർ പ്രതിസന്ധിയിലായി. വിളവെടുത്ത പണിക്കൂലി പോലും ലഭിക്കാത്ത അവസ്ഥയാണ് ഇഞ്ചി കർഷകർക്ക്.
കഴിഞ്ഞ സീസണിൽ വിലക്കുറവ് കാരണം വിളവെടുക്കാതെയിട്ട ഇഞ്ചി ഈ വർഷവും വിളവെടുക്കാൻ കഴിയാത്ത സാഹചര്യമാണ്.

വലിയ തുക മുടക്കിയാണ് കർഷകർ ഇഞ്ചി കൃഷി നടത്തുന്നത്.
2018ലും 19ലും ഇഞ്ചിക്ക് മോശമല്ലാത്ത വില ലഭിച്ചിരുന്നു. എന്നാൽ അതിനുശേഷം ഇഞ്ചിയുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ടായില്ല.

പലരും വായ്പയെടുത്താണ് കൃഷിയിറക്കിയത്. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളും ശല്യപ്പെടുത്തി തുടങ്ങി. പ്രളയവും കൊവിഡും പ്രതിസന്ധിയിലാക്കിയ വയനാട്ടിലെ കർഷകർക്ക് ഇരട്ടി പ്രഹരമാവുകയാണ് വിലയിടിവ്.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കൃഷി നടത്തുന്ന മലയാളികളും കടുത്ത പ്രതിസന്ധിയിലാണ്.

ഏതാനും വർഷം മുൻപ് 3000 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഇഞ്ചിവില 1000 രൂപയ്ക്ക് താഴെ ആയത്.