ഇന്ന് മുതൽ നിരാഹാര സത്യാഗ്രഹം
പേരാമ്പ്ര: വടക്കുമ്പാട് - വഞ്ചിപ്പാറ - ഗോപുരത്തിലിടം റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചിട്ട് മൂന്നു വർഷമായെങ്കിലും
പ്രവൃത്തി അനന്തമായി നീളുകയാണ്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വടക്കുമ്പാട് - വഞ്ചിപ്പാറ - ഗോപുരത്തിലിടം റോഡ് നവീകരണ പ്രവൃത്തി വൈകുന്നതിൽ പ്രതിഷേധിച്ച് അനശ്ചിതകാല നിരാഹാര സത്യഗ്രഹ സമരവുമായി കന്നാട്ടി മേഖല കോൺഗ്രസ് സമരസമിതി. 2019 ൽ 5 കോടി രൂപക്ക് നവീകരണ പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി ടെൻഡർ നടപടികളും പൂർത്തീകരിച്ചതാണ്. പൊതുമരാമത്ത് വകുപ്പ് റോഡിന് 8 മീറ്റർ വീതി ആവശ്യമായതിനാൽ റോഡിന്റെ ഇരുവശങ്ങളിലുള സ്ഥല ഉടമകൾ സ്ഥലം സൗജന്യമായി വിട്ടു നൽകിയിരുന്നു. ഇവരുടെ നൂറുകണക്കിന് തെങ്ങ് കവുങ്ങ് ഉൾപ്പെടെയുള ഫലവൃക്ഷങ്ങൾ മൂന്ന് വർഷങ്ങൾക്ക് മുമ്പ് മുറിച്ച് മാറ്റിയിരുന്നു. എന്നാൽ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പണി തുടങ്ങിയെങ്കിലും പിന്നീട് മുന്നോട്ട് പോയില്ല. പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയും അനാസ്ഥ തുടരുകയും ചെയ്തതോടെ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ഇതിനെ തുടർന്ന് കരാറുകാരനെ മാറ്റുകയും പുതിയ ടെൻഡർ വിളിക്കുകയും ചെയ്തു. പിന്നീട് രണ്ട് കരാറുകാർ എത്തിയെങ്കിലും ആരും പ്രവൃത്തി ഏറ്റെടുത്ത് നടത്തിയില്ല. റോഡ് നവീകരണത്തിന്റെ ആവശ്യാർത്ഥം നിലവിലെ റോഡിലെ ടാറിംഗും ഡോളിംഗും നീക്കം ചെയ്തതോടെ റോഡ് ചെളിക്കുളമായി മാറിയതായും പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സമരസമിതി ചെയർമാൻ എൻ.പി. വിജയൻ, കൺവീനർ ദേവരാജ് കന്നാട്ടി, ലിജു പനംകുറ്റിക്കര, ശ്രീനിവാസൻ കരുവാങ്കണ്ടി, രാജീവൻ കൂവ്വപ്പള്ളി, എന്നിവർ സംബന്ധിച്ചു.