കോഴിക്കോട് : എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചെങ്കിലും വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും വന്ന വ്യത്യാസത്തിലൂടെ വിദ്യാർത്ഥികളെ പരീക്ഷണ വസ്തുവാക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം എ പ്ലസുകാരുടെ എണ്ണം ഒരു ലക്ഷത്തിനും മുകളിലായപ്പോൾ അത്രയും പേർക്ക് സീറ്റ് നൽക്കാൻ കഴിയാതെ വന്നതോടെയാണ് സർക്കാർ ഇത്തവണ മൂല്യനിർണയത്തിലൂടെ എ പ്ലസുകാരുടെ എണ്ണം ഗണ്യമായി കുറച്ചതെന്ന് വ്യക്തമാണ്. വിദ്യാർത്ഥികളുടെ ഭാവിയെ സർക്കാരിന്റെ സൗകര്യാർത്ഥം മാറ്റിമറിക്കുന്നത് അംഗീകരിക്കാനാവില്ല.
കൂടാതെ വിജയശതമാനത്തിൽ കുറവുണ്ടെങ്കിലും ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുണ്ടായിരിക്കുന്നത്. ഇത് മലബാർ മേഖലയിലെ വിദ്യാർഥികളുടെ പ്ലസ് വൺ പഠനത്തെ സാരമായി ബാധിക്കും. ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോഴും കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് ക്ഷാമം രൂക്ഷമാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളിൽ വ്യക്തമാകുന്നത്. കഴിഞ്ഞ തവണ താൽക്കാലികമായി അനുവദിച്ച സീറ്റും ബാച്ചും നിലനിർത്തുമെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ താൽക്കാലികമായല്ല സമ്പൂർണവും ശാശ്വതവും സ്ഥിരതയുവുമുള്ള പരിഹാരം മലബാർ മേഖലയിൽ വേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഹയർ സെക്കൻഡറി സ്‌കൂളുകളും നിലവിലെ സ്‌കൂളുകളിലെ താൽക്കാലിക ബാച്ചും സീറ്റും സ്ഥിരതയുള്ളതാക്കാനും സർക്കാർ തയാറാവണമെന്നും എസ്.കെ.എസ്.എസ്.എഫ് അഭ്യർഥിച്ചു.