അത്തോളി: പാലോറത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശി ജുനറാം ബർവ (27) ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന മോഷ്ടാക്കൾ വഴിപാട് കൗണ്ടറിന്റെ ചില്ലും തകർത്തു. ചില്ല് തകരുന്ന ശബ്ദം കേട്ട് എത്തിയ പരിസരവാസികളാണ് മോഷ്ടാവിനെ പിടികൂടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അത്തോളി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കൂടെയുണ്ടായിരുന്നയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ജുനറാം ബർവയെ കോടതി റിമാൻഡ് ചെയ്തു.