മേപ്പാടി: പുഴവക്കിൽ താമസിക്കുന്ന ആദിവാസി കുടുംബത്തെ പുനരധിവസിപ്പിക്കാൻ നടപടിയായില്ല. മേപ്പാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ രാജുവും കുടുംബവും അഞ്ചു വർഷമായി കള്ളാടിപുഴയുടെ സമീപം പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ കുടിലിലാണ് താമസിക്കുന്നത്.

രാജുവും ഭാര്യ മിനിയും നാലുകുട്ടികളും അടങ്ങുന്ന കുടുംബം യാതൊരുവിധ സുരക്ഷയുമില്ലാത്ത സ്ഥലത്താണ്
കഴിയുന്നത്.

നാലുവർഷം മുൻപ് പുഴയോരത്ത് താമസിക്കുന്ന ഈ കുടുംബത്തിന്റെ വാർത്ത മാധ്യമങ്ങളിൽ വന്നതോടെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മേപ്പാടി പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിയുമ്പോഴും കുടുംബത്തിന്റെ ജീവിതാവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല.

വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിലാണ് ചെറിയ കുട്ടികളുമായി കുടുംബം കഴിയുന്നത്. കാട്ടുകിഴങ്ങും വനവിഭവങ്ങളും ശേഖരിച്ചാണ് ഇവരുടെ ജീവിതം.
ഭവനരഹിതർക്ക് ലൈഫ് ഭവനപദ്ധതി നടപ്പാക്കുമ്പോഴും ഈ കുടുംബം ദയനീയാവസ്ഥയിൽ തുടരുകയാണ്. കള്ളാടിയിൽ നിന്നും 100 മീറ്റർ വനത്തിലൂടെ നടന്നാൽ പുഴയോരത്തെ ചെറുഷെഡിലെത്താം. പലപ്പോഴും വനപാലകരാണ് ഇവർക്ക് അരിയും ഭക്ഷ്യവസ്തുക്കളും എത്തിച്ചു നൽകുന്നത്.