സുൽത്താൻ ബത്തേരി: നൂൽപ്പുഴ കുടുംബാരോഗ്യത്തിന് വീണ്ടും അംഗീകാരം. ദേശീയ തലത്തിൽ ആശുപത്രികളുടെ ഗുണനിലവാരത്തിന് നൽകുന്ന ദേശീയ ഗുണനിലവാര അംഗീകാരം (നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്) വീണ്ടും നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം നേടി. 93 ശതമാനം മാർക്ക് നേടിയാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം അംഗീകാരം നേടിയത്. ഇത് രണ്ടാം തവണയാണ് ദേശീയ ഗുണനിലവാര അംഗീകാരം നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തുന്നത്.
ഫിസിയോ തെറാപ്പി യൂണിറ്റ്, ദന്തരോഗ വിഭാഗം, ഇ ഹെൽത്ത് സംവിധാനം, ആദിവാസി വിഭാഗങ്ങൾക്കായുള്ള ഗോത്ര സ്പർശം പദ്ധതി, ആദിവാസി ഗർഭിണികൾക്കായുള്ള പ്രസവ പൂർവ പാർപ്പിടം പദ്ധതി പ്രതീക്ഷ, വയോജന കോർണർ, ടെലി മെഡിസിൻ സംവിധാനം, ഫിറ്റ്നസ് സെന്റർ, ജിംനേഷ്യം തുടങ്ങിയവ ആദിവാസി വിഭാഗങ്ങൾ കൂടുതലായുള്ള നൂൽപ്പുഴ ഗ്രാമപഞ്ചാത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രധാന സവിശേഷതകളാണ്.
സംസ്ഥാനത്തെ 13 ആശുപത്രികൾക്കാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചത്. 11 ആശുപത്രികൾക്ക് രണ്ടാം തവണയും 2 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ് അംഗീകാരവും ലഭിച്ചു.

ഇതോടെ സംസ്ഥാനത്തെ 146 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടാനായത്. പ്രൊവിഷൻ, പേഷ്യന്റ് റൈറ്റ്, ഇൻപുട്സ്, സപ്പോർട്ടീവ് സർവീസസ്, ക്ലിനിക്കൽ സർവീസസ്, ഇൻഫെക്‌ഷൻ കൺട്രോൾ, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട്കം എന്നീ 8 വിഭാഗങ്ങളായി 6,500ൽപരം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്.

ജില്ലാതല, സംസ്ഥാനതല, ദേശീയതല പരിശോധനകൾക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന സ്ഥാപനങ്ങൾക്കാണ് അംഗീകാരം നൽകുക.

എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.