കൽപ്പറ്റ: പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അന്ത്യശാസനയിലും വഴങ്ങാതെ കരാറുകാരൻ.
പൊട്ടിപ്പൊളിഞ്ഞ ബൈപ്പാസ് രണ്ടാഴ്ചയ്ക്കകം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ഡി.എം ആക്ട് പ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന
മന്ത്രിയുടെ താക്കീതാണ് കരാറുകാരൻ അവഗണിച്ചത്.

മന്ത്രി ജില്ല സന്ദർശിച്ച ദിവസം ബൈപ്പാസിലെ ഏതാനും കുഴികൾ അടച്ചതൊഴിച്ചാൽ പിന്നീട് ഒരു പ്രവർത്തിയും നടത്തിയിട്ടില്ല.
ഈ മാസം നാലാം തീയതി ജില്ലയിലെത്തിയപ്പോഴാണ് അവലോകന യോഗത്തിന് ശേഷം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ബൈപ്പാസ് ടാറിങ് പ്രവർത്തി ആരംഭിക്കാൻ മന്ത്രി നൽകിയ സമയം അവസാനിച്ചു. എന്നാൽ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും എല്ലാം നിർദ്ദേശങ്ങൾ അവഗണിക്കുന്നതാണ് കരാർ കമ്പനിയുടെ നിലപാട്.

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ബൈപ്പാസിൽ മന്ത്രിയുടെ സന്ദർശന ദിവസം രാവിലെ മുതൽ തിരക്കിട്ട കുഴിയടയ്ക്കലായിരുന്നു.
മന്ത്രി ചുരം ഇറങ്ങിയതോടെ പ്രവർത്തിയും നിർത്തി. നിർദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഇനി
കരാർ കമ്പനിക്കെതിരെ കേസെടുക്കുമോ എന്നാണ് അറിയേണ്ടത്.

ദിവസങ്ങൾക്കുള്ളിൽ മഴ ആരംഭിക്കാനിരിക്കെ എത്രയും വേഗം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


പൊട്ടിപൊളിഞ്ഞ് കിടക്കുന്ന കൽപ്പറ്റ ബൈപ്പാസ്