1
protest

കോഴിക്കോട് : അനധികൃതമായി കെട്ടിട നമ്പർ നൽകിയതിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മേയറും ഡെപ്യൂട്ടി മേയറും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. ധാർമികതയുടെ പേരിൽ രാജിവെയ്ക്കാൻ ഇവർ തയാറാകണം.
ഉദ്യോഗസ്ഥരും ഭരണകക്ഷിയും വിരമിച്ച ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് ലോബികളും അടങ്ങുന്ന വൻ മാഫിയയാണ് ഇതിനു പിന്നിൽ. ഒരേ കക്ഷി തുടർച്ചയായി കോർപ്പറേഷൻ ഭരിക്കുന്നതിനാൽ ഇത്തരം അഴിമതികൾ പുറംലോകം അറിയാതെ പോവുകയാണ്. ഗുരുതര ലംഘനങ്ങളുടെ പേരിൽ 2018 ൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടങ്ങൾ പോലും ഇന്ന് സുഗമമായി പ്രവർത്തിക്കുകയാണ്. ചട്ടങ്ങൾ പാലിക്കുന്ന പല കെട്ടിടങ്ങൾക്കും കടമ്പകളേറെയാണ്. എന്നാൽ മാഫിയകളെ സമീപിച്ചാൽ എല്ലാം നടക്കുമെന്ന അവസ്ഥയാണ് കോർപ്പറേഷനിലുള്ളത്. കോർപ്പറേഷന്റെ നിരുത്തരവാദ നിലപാടിൽ പ്രതിഷേധിച്ച് നാളെ ബി.ജെ.പി കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തുമെന്നും വി.കെ. സജീവൻ അറിയിച്ചു.