മാനന്തവാടി: സ്വന്തമായി വിലയ്ക്ക് വാങ്ങിയ മൂന്ന് സെന്റ് ഭൂമിയിൽ വീട് നിർമിച്ചു താമസിക്കുന്ന ദമ്പതികളെ നിരന്തരം പലവിധത്തിലും ദ്രോഹിക്കുന്ന അയൽവാസിക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.

തമിഴനാട്ടിൽനിന്ന് വയനാട്ടിലെത്തി കഴിഞ്ഞ പത്ത് വർഷത്തോളമായി തവിഞ്ഞാൽ ഇരുമനത്തൂർ വേമ്പൽവീട്ടിൽ താമസിക്കുന്ന ശെൽവനും ഭാര്യ സെൽവിയുമാണ് തങ്ങളുടെ പരാതികൾ പൊലീസ് പരിഗണിക്കുന്നില്ലെന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ഇവർ നൽകിയ രണ്ട് പരാതികളും പറഞ്ഞ് തീർത്തതാണെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് തലപ്പുഴ പൊലീസ് പറയുന്നത്.

വീട്ടിലെ കിണറ്റിൽ കീടനാശിനി ഒഴിച്ചതും ഭർത്താവില്ലാത്ത സമയത്ത് രാത്രിയിൽ വന്ന് ശല്യം ചെയ്തതുമുൾപ്പെടെയുള്ള പരാതികൾ തലപ്പുഴ പൊലീസിൽ നൽകിയിരുന്നു. എന്നാൽ ഒന്നിൽ പോലും കേസെടുക്കുകയോ തങ്ങളുടെ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല.

പ്രതിയുടെ വീട് സന്ദർശിച്ചു തിരിച്ചുപോവുയാണ് പൊലീസ് ചെയ്യുന്നത്. അയൽക്കാരന്റെ സമീപനം തുടർന്നാൽ തങ്ങൾക്ക് ആത്മഹത്യയല്ലാതെ വേറെവഴിയില്ലെന്ന് ഇവർ പറയുന്നു. ജീവിക്കാനനുവദിക്കാത്ത വിധത്തിൽ ഉപദ്രവിക്കുന്ന അയൽക്കാരനെ സഹായിക്കുന്ന പൊലീസ് നടപടിയിൽ സങ്കടമുണ്ടെന്നും ദമ്പതികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.