news
കോൺഗ്രസ്

കോഴിക്കോട്: കോർപ്പറേഷൻ അഴിമതിയുടെയും കൊള്ളയുടെയും സിരാകേന്ദ്രമായെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

പുറത്തുവന്നത് തട്ടിപ്പുകളുടെ ഒരു ഭാഗം മാത്രമാണ്. ജുഡീഷ്യൽ അന്വേഷണം നടത്തണം. യൂസർ ഐഡിയും പാസ്‌വേഡും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുൻ കരുതൽ ഉണ്ടാകാതിരുന്നത് സംശയാസ്പദമാണ്.

കോർപ്പറേഷനിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കെട്ടിടങ്ങളുടെ പ്ലാനുകൾ അനുവദിക്കുന്നത് സംബന്ധിച്ച് നടന്നത് സമാനതകളില്ലാത്ത തട്ടിപ്പാണ്. അർഹതയില്ലാത്ത പ്ലാനുമായി കെട്ടിട ഉടമ കോർപ്പറേഷനെ സമീപിച്ചാൽ ആ പ്ലാൻ തള്ളും. പിന്നീട് ഈ പ്ലാൻ സമർപ്പിച്ച വ്യക്തികളോ സ്ഥാപനങ്ങളോ സി.പി.എം നേതാക്കളുമായി സംസാരിച്ച് ധാരണ ഉണ്ടാക്കും അത് അനുസരിച്ച് ഹൈക്കോടതിയിൽ പോകാൻ അവരോട് നിർദ്ദേശിക്കും. ഹൈക്കോടതിയിൽ കോർപ്പറേഷന്റെ അഭിഭാഷകൻ സ്വമേധയാ കേസ് തോറ്റ് കൊടുക്കും. ഹൈക്കോടതിയുടെ ഉത്തരവ് എന്ന മറവിൽ അനധികൃത കെട്ടിടങ്ങൾക്ക് നിർമാണ അനുമതി കൊടുക്കും.

ഇത്തരം ഇടപെടലുകളിലൂടെ കഴിഞ്ഞ കുറെ വർഷങ്ങളിലായി സി.പി.എമ്മിന്റെ വിവിധ തലങ്ങളിലെ നേതാക്കളും സി.പി.എം അനുകൂല ജീവനക്കാരും തട്ടിയെടുത്തത് കോടികളാണ്. കഴിഞ്ഞ 15 വർഷക്കാലത്തിനിടക്ക് ഇത്തരം പ്ലാനുകൾ അനുവദിക്കുന്നത് സംബന്ധിച്ച നിരവധിയായ കേസുകൾ ഹൈക്കോടയിൽ എത്തിയിട്ടുണ്ട്. കോഴിക്കോട്ടെ മഹിളാമാളിന്റെ കെട്ടിടം അനധികൃത നിർമാണമായിരുന്നു. മഹിളാമാളിന്റെ പേരിൽ അനധികൃത കെട്ടിടത്തിന് നമ്പറും ലൈസൻസും നൽകുകയായിരുന്നു.

നഗരസഭയിലെ പല മരാമത്ത് പണികളും അനധികൃതമായി ഏറ്റെടുത്ത് നടത്തുന്നത് ലോക്കൽ ഏരിയ, ജില്ലാതല സിപിഎം നേതാക്കളുടെ ബിനാമികളാണ്. കോർപ്പറേഷൻ സ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കാനുള്ള അനുമതി കൊടുത്തതും സി.പി.എം നേതാക്കൾക്കും അവരുടെ ബിനാമികൾക്കുമാണ്. നഗരസഭ കോഴിക്കോട്ടെ സി.പി.എമ്മിന്റെ ബിസിനസ് ഹബ്ബായി മാറിയെന്നും അദ്ദേഹം പറഞ്ഞു.