ഫറോക്ക് : ഫറേക്ക് പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനൽ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാറിനു പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർക്കു നേരെ അക്രമം നടത്തിയ സി.പിഎം പ്രവർത്തകർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെയായിരുന്നു സംഘർഷം. വൈകീട്ട് ചുങ്കത്ത് നിന്നും ആരംഭിച്ച മാർച്ച് ഫറോക്ക് പേട്ടയിൽ ബാരിക്കേഡ് വെച്ചു തടഞ്ഞതിനെ തുടർന്നു പ്രവർത്തകർ ദേശീയ പാതയിൽ കുത്തിയിരുന്ന് പൊലീസിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരെ മുദ്രാവാക്യം വിളിച്ചു . ഇത് കാരണം ഒന്നര മണിക്കുർ ഗതാഗത തടസം നേരിട്ടു. കഴിഞ്ഞ ദിവസം മണ്ണൂർ വളവിൽ കോൺഗ്രസ് നടത്തിയ പ്രകടനത്തിനു നേരെ സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചു വിട്ടിരുന്നു. ഇവർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഫറോക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാർച് സംഘടിപ്പിച്ചത്. ഫറോക്ക്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാർച്ച് . ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവർത്തകരുടെ ശ്രമത്തിനിടെയാണ് പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ നിലത്തു വീണാണ് ഡി.സി.സി പ്രസിഡന്റിന് തോളിനു പരിക്കേറ്റത്. ഏറെ നേരം പൊലീസുമായി പിടിയും വലിയും നടത്തിയ പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. അക്രമം നടത്തിയ സി.പി.എം പ്രവർത്തകർ ക്കെതിരെ എത്രയും വേഗം നടപടിയെടുക്കുമെന്നു പൊലീസ് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മാർച്ച് കെ.പി.സി. ജനറൽ സെക്രട്ടറി പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സുരേഷ് അദ്ധ്യക്ഷനായി. ഷാജി പറശ്ശേരി, ജോബി ഷ് പാലക്കാട്ട്, ഷാഹിദ് കടലുണ്ടി, മധു ഫറോക്ക്, തസ്വീ ഹസ്സൻ, ഷബീർ അലി എന്നിവർ മാർചിനു നേതൃത്വം നൽകി. ഫറോക്ക് അസി.കമ്മീഷണർ കെ. മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.