മുക്കം: വികസനത്തിനായി കാത്തിരിക്കുന്ന മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് രാഹുൽ ഗാന്ധി എം.പി.അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിക്കില്ലേ? ഇതാണ് ഇപ്പോൾ ഈ മേഖലയിലെ പ്രധാന ചർച്ചാ വിഷയം. മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ രാഹുൽഗാന്ധി എം.പി. അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് മുക്കം നഗരസഭ ആവശ്യപ്പെട്ടിരുന്നു. മുക്കം നഗരസഭ രാഷ്ടീയ നേട്ടത്തിനായി മുക്കം സി.എച്ച്.സി യുടെ വികസനത്തിന് തടസം നിൽക്കുകയാണെന്നാണ് യു.ഡി.എഫ് ആരോപണം. സി.എച്ച്.സി.യുടെ പരിസരത്തു തന്നെ സി.പി.എം ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണാശുപത്രിയുടെ നേട്ടത്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അവർ പറഞ്ഞു.
അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്നടക്കമുള്ള ആവശ്യം നാട്ടുകാർ ഉന്നയിച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനായി ഇതുവരെ നടത്തിയ പരിശ്രമങ്ങളൊന്നും ഫലപ്രാപ്തിയിൽ എത്തിയതുമില്ല. ഇതിനിടയിലാണ് 2019 ൽ രാഹുൽ ഗാന്ധി എം.പി 40 ലക്ഷം രൂപ അനുവദിച്ചത്.എന്നാൽ തുടർന്നുണ്ടായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അത്തരം ഫണ്ടുകളുടെ വിനിയോഗം മരവിപ്പിച്ച കൂട്ടത്തിൽ ഇതും ഉൾപെടുകയായിരുന്നു. വീണ്ടും ഈ ഫണ്ടിന് ജീവൻ വച്ചത് 2021 ആഗസ്റ്റിലാണ്.ഇതിനിടെ സി.എച്ച്.സി യുടെ മുഴുവൻ സ്ഥലവും ഉപയോഗപ്പെടുത്തിയുള്ള കെട്ടിട നിർമ്മാണവും സമഗ്ര വികസനവുമെന്ന ആശയം പ്രാമുഖ്യം നേടി. 40 ലക്ഷം ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ഒരുകെട്ടിട നിർമ്മാണം പ്രായോഗികമല്ലെന്നായി.
ഫണ്ട് മടക്കിയ വാർത്ത ശരിയല്ല; നഗരസഭ ചെയർമാൻ
മുക്കം നഗരസഭ എം.പി. ഫണ്ട് നിരാകരിച്ചു എന്ന വാർത്ത ശരിയല്ലെന്ന് നഗരസഭ ചെയർമാൻ പി.ടി.ബാബു. സി.എച്ച്.സി യുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നഗരസഭ എൻ.ഐ.ടി.യെ ചുമതലപ്പെടുത്തുകയും ആ പ്രവർത്തനം ഏറെ പുരോഗമിക്കുകയും ചെയ്ത അവസരത്തിലാണ് എം.പി ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് നഗരസഭയ്ക്ക്കത്തു കിട്ടുന്നത്. തുടർന്ന് വിഷയം പ്രത്യേക അജണ്ടയായി കൗൺസിൽ ചർച്ച ചെയ്തു. സമഗ്ര വികസന മാസ്റ്റർ പ്ലാൻ പ്രകാരം നടത്തുന്ന നിർമ്മാണ പ്രവൃത്തിക്ക് എം.പി ഫണ്ട് ഉപയോഗിക്കാൻ അനുവദിക്കണമെന്ന നിർദ്ദേശമുയർന്നു. അല്ലെങ്കിൽ നഗര സഭയുടെ മറ്റേതെങ്കിലും നിർമ്മാണ പ്രവർത്തനത്തിന് ഈ ഫണ്ടുപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് കൗൺസിൽ തീരമാനം. എന്നാൽ അതിന് എം.പി യുടെ ഓഫീസ് അനുമതി തന്നില്ല. വികസനപ്രവർത്തനങ്ങൾക്കു ഏതു സ്രോതസിൽ നിന്നു ലഭിക്കുന്ന ഫണ്ടും സ്വീകരിക്കാൻ നഗരസഭ സദാസന്നദ്ധമാണ്.