കോഴിക്കോട്: ഇന്ത്യൻ സേനയ്ക്ക് സമാന്തരമായി ആർ.എസ്.എസ് വളർത്തുന്ന പട്ടാളമാണ് അഗ്നിപഥെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീർ എം.എൽ.എ. ജർമനിയിലുണ്ടായിരുന്ന ഹിറ്റ്‌ലർ സേനയുടെ ഇന്ത്യൻ പതിപ്പാണിത്. നാലുവർഷം കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെയെല്ലാം യാത്ര ആർ.എസ്.എസ് പാളയത്തിലേക്കാണെന്നും മുനീർ പറഞ്ഞു. യൂത്ത് ലീഗ് നേതൃത്വത്തിൽ പ്രവാചക നിന്ദ, ബുൾ ഡോസർ രാഷ്ട്രീയം, അഗ്നിപഥ് വിഷയങ്ങളിൽ ആദായനികുതി ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ സംസാരിക്കുകയായിരുന്നു മുനീർ. ഇപ്പോൾ കൈകളിൽ വടിയും വാളുമാണുള്ളത്. അവർക്ക് നരേന്ദ്രമോദി തോക്കുകൂടി നൽകാൻ പോകുന്നു. ഇത് രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ രക്ഷിക്കാൻ വേണ്ടിയല്ലെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും മുനീർ പറഞ്ഞു.