 
കുറ്റ്യാടി: ജില്ലയിലെ പ്രകൃതി രമണീയമായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം അവഗണനയുടെ കൊടുമുടിയിൽ.
വിവിധയിനം പക്ഷികളും പൂമ്പാറ്റകളും മറ്റുമുള്ള വിനോദയാത്രികരുടെ പ്രാധാന ശ്രദ്ധാകേന്ദ്രമായ ജാനകിക്കാട് 2008 ൽ വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. നേരത്തെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഏറുമാടവും, പക്ഷി നിരീക്ഷണ സംവിധാനവും, ചവറമുഴിപുഴയിലൂടെ ഉല്ലാസ യാത്ര നടത്തുന്നതിന് വേണ്ടി തയ്യാറാക്കിയ മുളച്ചങ്ങാടങ്ങളുമെല്ലാം ഇപ്പോൾ തുരുമ്പെടുത്ത് നശിക്കുകയാണ്.
മാത്രമല്ല മുള്ളൻ കുന്നിൽ നിന്ന് ജാനകി കാടിലേക്കുള്ള റോഡും തകർന്ന് കിടക്കുകയാണ്. പാതയോരങ്ങളിലും വനത്തിനുള്ളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിരഞ്ഞ് ദുർഗന്ധം വ്യാപിച്ചിരിക്കുന്നു. കാടിന്റെ സൗന്ദര്യം തന്നെ നശിപ്പിക്കുന്ന തരത്തിൽ സാമൂഹ്യവിരുദ്ധ താവളമായി ഇവിടെ മാറിയെന്നും ടൂറിസം, വനം വകുപ്പ് അധികൃതർ ആവശ്യമായ നടപടികൾ എടുക്കാറില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
പ്രഖ്യാപനങ്ങൾ കടലാസിലുറങ്ങുന്നു....
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ.കൃഷ്ണ മേനോന്റെ സഹോദരി ജാനകിയമ്മയുടെ ഉടമസ്ഥതയിലായിരുന്ന 350 ഏക്കറോളം വരുന്ന ജാനകിക്കാട് നിക്ഷിപ്ത വനമേഖല 1970 ലാണ് സർക്കാർ ഏറ്റെടുത്തത്. ഇവിടെ ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുമ്പോൾ മേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി സൗകര്യപ്രദമായ റോഡുകളും മറ്റ് പശ്ചാത്തല സൗകര്യങ്ങളും വികസിപ്പിക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായി. ഒപ്പം കുറ്റ്യാടി മലയോരത്തെ ജൈവ വൈവിധ്യങ്ങൾ നശിക്കാതെ കുന്നു കളുംപുഴകളും പാറക്കെട്ടുകളും തടാകങ്ങ ളും കേന്ദ്രീകരിച്ച് സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ടൂറിസം വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല.
കാടിന്റെയും പുഴയുടെയും സൗന്ദര്യം ആസ്വദിക്കാൻ ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി വേനലവധിക്കാലത്തും മറ്റുമായി നൂറു കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇവിടെത്തുന്നവർ വലയുകയാണ്.
" വിനോദസഞ്ചാരികളെ ആകർഷിക്കാർ ജാനകി കാടിൽ താമസ സൗകര്യവും ഭക്ഷണ സൗകര്യവും മതിയായ ജീവനക്കാരെയും ഉൾപെടുത്തി വികസിപ്പിക്കണം''- കെ.സജിത്ത് , മരുതോങ്കര ഗ്രാപഞ്ചായത്ത് പ്രസിഡന്റ്
"കാടിന്റെ പാരിസ്ഥിതികാവസ്ഥ സംരക്ഷിക്കാനാവശ്യമായ സംവിധാനങ്ങളൊന്നും ഇന്ന് ഇവിടെയില്ല. ജാനകി കാടിനെ സർക്കാർ ഏറ്റെടുക്കണമെന്നും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി പ്രവൃത്തിച്ചാൽ സർക്കാരിനും പഞ്ചായത്തിനും ഏറെ പ്രതീക്ഷയുണ്ടാകും " ടി.പവിത്രൻ , പൊതു പ്രവർത്തകൻ