കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ തെരുവ് നായകൾ വിഹരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ബസ് കയറാനെത്തുന്ന വിദ്യാർത്ഥികളും യാത്രക്കാരും നായകള പേടിച്ച് ബസിൽ കയറാനാകാതെ ബുദ്ധിമുട്ടുകയാണ്. ബൈപ്പാസിന് വീട് പൊളിച്ച് നീക്കിയപ്പോൾ പല വീടുകളിലേയും നായകൾ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ബസ്സ് സ്റ്റാൻഡിന് തൊട്ടടുത്ത് വലിച്ചെറിയുന്ന ഹോട്ടൽ ഭക്ഷണ അവശിഷ്ടം കഴിക്കാനാണ് ഇവ കൂട്ടത്തോടെ ഇവിടെ എത്തുന്നത്. ലോറിസ്റ്റാൻഡ്,​ റെയിൽ വേ സ്റ്റേഷൻ എന്നിവിടങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാണ്. പ്രദേശത്ത് തെരുവ് നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി സെന്റർ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പുളിയഞ്ചേരിയിൽ ആയിരുന്നു നടപ്പാക്കിയത്. എന്നാൽ നാട്ടുകാരുടെ എതിർപ്പും അസൗകര്യവും മൂലം തുടക്കത്തിൽ തന്നെ സ്ഥപനം പൂട്ടി പോയിരിക്കുകയാണ്.