valam
വളം ഡിപ്പോയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന

കോഴിക്കോട്: ജില്ലയിലെ വളം - കീടനാശിനി വിൽപ്പന കേന്ദ്രങ്ങളിൽ കൃഷി ഓഫീസർമാർ വ്യാപക പരിശോധന നടത്തി. വളത്തിന്റെയും കീടനാശിനിയുടെയും ഗുണമേന്മ ഉറപ്പുവരുത്താനാണ് ഇതിനായി നിയോഗിച്ച കൃഷി ഓഫീസർമാരും അസി. ഡയറക്ടർമാരും പരിശോധന നടത്തിയത്.

125 വളം ഡിപ്പോകളിൽ പരിശോധന നടത്തി 168 സാംപിളുകളും 23 കീടനാശിനി ഡിപ്പോകളിൽ പരിശോധന ന‌ടത്തി 81 സാംപിളുകളും ശേഖരിച്ചു.

യൂറിയ, പൊട്ടാഷ്, 18:18:9, 16:16:16, 10: 5: 20 തുടങ്ങിയ രാസവളങ്ങളുടെയും ടാറ്റമിഡ, അഡ്മേയർ, അൾട്ര. ജംമ്പ്, ടാറ്റഫെൻ തുടങ്ങിയ കീടനാശിനികളുടെയും സാംപിളുകളുമാണ് ശേഖരിച്ചത്.

ശേഖരിച്ച സാംപിളുകളെല്ലാം കൃഷി വകുപ്പിന്റെ കീഴിലുള്ള പട്ടാമ്പിയിലെ ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് പരിശോധനയ്ക്കയക്കും. പരിശോധനയിൽ ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങളാണ് വിൽക്കുന്നതെന്ന് തെളിഞ്ഞാൽ വിൽപ്പന നടത്തിയ ഡിപ്പോകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കും. ചില സ്ഥാപനങ്ങൾ ഗുണമേന്മയില്ലാത്ത വളങ്ങളും കീടനാശിനികളും വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഒരേ ദിവസം എല്ലാ കടകളിലും ഒന്നിച്ച് പരിശോധന നടത്തിയത്. ഏറ്റവും കൂടുതൽ വളങ്ങൾ വിറ്റഴിയുന്നത് ഈ സമയത്താണ്.