കരിങ്കൽ ഖനനത്തിനുള്ള സ്വകാര്യ കമ്പനി അപേക്ഷ പാരിസ്ഥിതി കാഘാത വിലയിരുത്തൽ സമിതി തള്ളി.

പേരാമ്പ്ര : നാലരവർഷക്കാലം നാട് ഒറ്റക്കെട്ടായി പൊരുതിയ ചെങ്ങോടുമല സമരത്തിന് അന്തിമ വിജയം .

കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 100 ഏക്കറോളം വ്യാപിച്ചു കടക്കുന്ന ചെങ്ങോട് മലയിൽ കരിങ്കൽ ഖനനത്തിനുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയാണ് സംസ്ഥാന പാരിസ്ഥിതികാഘാത സമിതി ( സിയ) തള്ളിയത് .

2021 ജൂലൈ മാസത്തിൽ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി ചെങ്ങോടുമല സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ ഖനനം പാടില്ലെന്നും അപേക്ഷ തള്ളണമെന്നും ചൂണ്ടിക്കാട്ടി സിയക്ക് ശുപാർശ നൽകിയിരുന്നു. ക്വാറി ഉടമകളുടെ വാദം കേട്ട ശേഷം ഈ ശുപാർശ സിയയുടെ 114മത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. ചെങ്ങോടു മലയിൽ 100 ഏക്കറിലധികം സ്ഥലമാണ് ക്വാറി കമ്പനി വാങ്ങിയത്. മഞ്ഞൾകൃഷിക്കെന്ന വ്യാജേന ക്വാറിക്ക് അനുമതി സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ നാട്ടുകാർ 2018 ഫെബ്രുവരിയിൽ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി സമരമുഖത്തിറങ്ങി.

ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി അനധികൃതമായി ഖനനത്തിന് നൽകിയ അനുമതി ശക്തമായ ജനകീയ സമരത്തിലൂടേയും നിയമ നടപടികളിലൂടേയുമാണ് സമരസമിതി മരവിപ്പിച്ചത്. പിന്നീട് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി മുമ്പാകെ നൽകിയ അപേക്ഷയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. അതിനിടെ സംസ്ഥാനത്തെ സമിതിയുടെ കാലാവധി കഴിഞ്ഞപ്പോൾ കമ്പനി കേന്ദ്രത്തെ സമീപിച്ചെങ്കിലും സമരസമിതിയുടെ തടസ ഹരജി പരിഗണിച്ച് കേന്ദ്രം കമ്പനിയുടെ അപേക്ഷ പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പരിസ്ഥിതി പ്രവർത്തകർ

എഴുത്തുകാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സമരത്തിന് ശക്തമായ പിന്തുണയാണ് നൽകിയത്.

'സമരം നാടിന്റെ വിജയം '

കഴിഞ്ഞ നാലര വർഷക്കാലമായി കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നടത്തിയ പോരാട്ടമാണ് ചെങ്ങോടുമലയെ ക്വാറി മാഫിയയിൽ നിന്നും സംരക്ഷിക്കാൻ സാധിച്ചത്. പണവും സ്വാധീനവും ഉപയോഗിച്ച് എന്തിനേയും വിലക്കെടുക്കാം എന്ന ധാർഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയാണ് ഈ ജനകീയ സമരത്തിന്റെ വിജയം. ജിനീഷ് വി. വി. ആക്ഷൻ കൗൺസിൽ ചെയർമാൻ