കൊയിലാണ്ടി: നഗരസഭയുടെ സൗന്ദര്യ വത്ക്കരണത്തിലെ അശാസ്ത്രീയതയിൽ പ്രതിഷേധിച്ച് ദേശീയ പാതയോട് ചേർന്ന ഭാഗം കട്ടവിരിക്കുന്ന പ്രവൃത്തി കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. എസ്.ബി.ഐ യുടെ എതിർ വശം മാസങ്ങൾക്ക് മുമ്പ് സിമന്റ് കട്ട വിരിച്ചിരുന്നു. ഇതോടെ വെള്ളം റോഡിലേക്ക് പരന്നൊഴുകാൻ തുടങ്ങി. കട്ട പതിക്കുമ്പോൾ തന്നെ കോൺഗ്രസ് പ്രവർത്തകരും കൗൺസിലർമാരും വെള്ളം കെട്ടി കിടക്കുകയും ദേശീയപാതയിലേക്ക് പരന്നൊഴുകുകയും ചെയ്യുമെന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ പണി പൂർത്തിയാകുന്ന മുറയ്ക്ക്
ഡ്രൈയ്നേജ് പണിയാമെന്ന് എൻജിനിയർ ഉറപ്പ് കൊടുക്കുകയായിരുന്നു. മഴ പെയ്ത തോടെ വെള്ളം കെട്ടി കിടക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാവുകയും ചെയ്തതോടെ കഴിഞ്ഞ ദിവസം പതിച്ച കട്ടകൾ എടുത്തുമാറ്റി സ്ഥലം ഉയർത്താനുള്ള പ്രവൃത്തി നടക്കുകയായിരുന്നു. പ്രസ്തുത ഭാഗത്ത് ഡ്രൈയ്നേജ് നിർമിച്ചാൽ മാത്രമേ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കളായ വി.വി സുധാകാരൻ, വി.പി ഭാസ്കരൻ, കെ.പി. നിഷാദ്, കൗൺസിലർമാരായ പി. രത്നവല്ലി, സുമതി എന്നിവർ സ്ഥലത്തെത്തി നിർമ്മാണപ്രവർത്തി നിറുത്തിവെച്ചത്.
അതേ സമയം ഡ്രൈനേജ് നിർമ്മാണത്തിന് ഫണ്ടില്ല എന്നാണ് അധികൃതരുടെ വിശധീകരണം.
ദേശീയ പാതയോട് ചേർന്ന ഭാഗം കട്ടവിരിക്കുന്ന പ്രവൃത്തി കോൺഗ്രസ് പ്രവർത്തകർ ഇടപെട്ട് തടഞ്ഞപ്പോൾ