കൽപ്പറ്റ: ലക്ഷണക്കിന് മനുഷ്യരെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ മുസ്ലിം ലീഗ് ജനങ്ങൾക്കൊപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിമിതികൾ വിദ്യാർത്ഥികളുടെ ഭാവിയെ ഇരുട്ടിലാക്കുന്ന സാഹചര്യമാണ്. സർക്കാർ ഇക്കാര്യത്തിൽ പുലർത്തുന്ന നിസ്സംഗത പ്രതിഷേധാർഹമാണ്.
മതവും ജാതിയും ഭരണം നിലനിർത്താനും മനുഷ്യന്റെ സമാധാന ജീവിതത്തെ ഇല്ലാതാക്കാനുമായാണ് ഭരണകൂടങ്ങൾ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലും നടന്ന സുഹൃദ്സംഗമങ്ങൾ വലിയ പ്രതീക്ഷയാണ് പകർന്നുനൽകിയത്. അസഹിഷ്ണുതയുടെയും മതവെറിയുടെയും കാലത്ത് രാജ്യത്തിന്റെ മതേതര പാരമ്പര്യം കൂടുതൽ ജാഗ്രതയോടെ കാക്കാൻ മുസ്ലിം ലീഗ് മുന്നിലുണ്ടാവുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നവാസ് ഗനി എം.പി, കെ.പി.എ മജീദ്, പി.എം.എ സലാം, എം.സി മായിൻ ഹാജി, അബ്ദറഹ്മാൻ കല്ലായി, അബ്ദറഹ്മാൻ രണ്ടത്താണി, എം.എൽ.എമാരായ പി.കെ ബഷീർ, ടി.വി ഇബ്രാഹിം, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ, സംസ്ഥാന നേതാക്കളായ സി. മമ്മൂട്ടി, കെ.എം ഷാജി, സി.പി ചെറിയമുഹമ്മദ്, കെ.എസ് ഹംസ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, മുജീബ് കാടേരി തുടങ്ങിയവർ സംസാരിച്ചു.