സുൽത്താൻ ബത്തേരി: വയനാട് കോളനൈസേഷൻ സ്‌കീം പ്രകാരം അനുവദിച്ച പട്ടയഭൂമികളിൽ യാതൊരുവിധ നിർമ്മാണ നിയന്ത്രണവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. നിർമ്മാണത്തിനായി നൽകിയ അപേക്ഷകൾ പരിഗണിക്കാനും നിർദേശം. നിർമ്മാണ നിയന്ത്രണം കാരണം കെട്ടിട നിർമ്മാണത്തിന് അനുമതി നിഷേധിക്കപ്പെട്ട ബത്തേരി നഗരസഭയിലെയും നെന്മേനി പഞ്ചായത്തിലെയും അപേക്ഷകർ നൽകിയ പരാതികളിലാണ് കോടതി ഉത്തരവ്.
കല്ലുമുക്ക് മുതിരക്കാലായിൽ എം.ടി.ഷാജി, നായ്‌ക്കെട്ടി റാത്തപ്പിള്ളിൽ ആർ.സി.സുനി, മലപ്പുറം തണ്ടുപറമ്പിൽ ടി.പി.റമീസ് , മലപ്പുറം പൈക്കാടൻ ജസാറുദ്ദീൻ, കൽപ്പറ്റ കൊട്ടാരത്തിൽ വേണുഗോപാൽ, കൊന്നച്ചാൽ മണൂർ രാജേശ്വരി പരമൻ, ചുള്ളിയോട് മടപ്പള്ളിയിൽ എം.ജെ.സാബു, എന്നിവർ നൽകിയ പരാതിയിലാണ് ഇവരുടെ അപേക്ഷകൾ പരിഗണിക്കാനും ഡബ്ല്യുസിഎസ് പട്ടയഭൂമികളിൽ നിർമ്മാണ നിയന്ത്രണമില്ലെന്നും ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയത്.
ഡബ്ല്യുസിഎസ് ഭൂമികളിൽ നിർമ്മാണത്തിന് നിയന്ത്രണമില്ലെന്ന് കാണിച്ച് 2017-ൽ കേരള ലാന്റ് റവന്യു കമ്മീഷണർ ഉത്തരവിറക്കിയിരുന്നു. നിർമ്മാണത്തിന് തടസമില്ലെന്ന് കാണിച്ച് കമ്മീഷണർ ജില്ലാ കളക്ടർക്ക് കത്ത് നൽകുകയും ചെയ്തു. ഈ ഉത്തരവ് കോടതി ശരിവെക്കുകയും ചെയ്തു. ഏതെങ്കിലും പ്രത്യേക വ്യവസ്ഥകളിലൂടെയോ അല്ലാതെയോ സർക്കാർ ഭൂമി പതിച്ച് നൽകാമെന്ന് കേരള ഭൂപതിവ് നിയമത്തിൽ പറയുന്നുണ്ട്. ഭുപതിവ് നിയമത്തിന് കീഴിൽ വരുന്ന എൽഎ പട്ടയങ്ങൾക്കും ഡബ്ല്യുസിഎസ് പട്ടയങ്ങൾക്കും രണ്ട് ചട്ടങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സെക്ഷൻ മൂന്നിൽ പറയുന്ന ഡബ്ല്യുസിഎസ് പട്ടയങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും പറയുന്നില്ല. ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനാണെന്നും പറയുന്നില്ല. എൽഎ പട്ടയഭൂമികളിൽ ഭൂമി ഏത് ആവശ്യത്തിനാണെന്നും നിയന്ത്രണങ്ങളും പറയുന്നുണ്ട്. എൽഎ പട്ടയങ്ങൾക്ക് ബാധകമായ വിധി അതിൽപ്പെടാത്ത ഡബ്ല്യുസിഎസിൽപ്പെടുത്തിയതാണ് നിയന്ത്രണത്തിന് ഇടയാക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാർക്കായി പതിച്ചുനൽകിയതാണ് വയനാട് കോളനൈസേഷൻ സ്‌കീം പ്രകാരമുള്ള പട്ടയഭൂമി.
ഡബ്ല്യു.സി.എസ് കോടതി വിധി സർക്കാർ നഷ്ടപരിഹാരം നൽകണം
സുൽത്താൻ ബത്തേരി: ഡബ്ല്യു.സി.എസ് പട്ടയ ഭൂമികളിൽ അനാവശ്യ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ സർക്കാർ പൊതുജനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകണമെന്ന് നെന്മേനി പഞ്ചായത്ത് ഭരണ സമിതിയോഗം ആവശ്യപ്പെട്ടു. ഇല്ലാത്ത കോടതിവിധിയുടെ പേരിൽ കഴിഞ്ഞ ഒരു വർഷമായി നൂറുകണക്കിനാളുകളുടെ നിർമ്മാണ പ്രവർത്തനമാണ് തടസപ്പെടുത്തിയത്. ഇത് ജനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമായി തീർന്നു.
സ്വകാര്യ വ്യക്തി ഫയൽ ചെയ്ത കേസിൽ നിർമ്മാണ അനുമതി നൽകുന്നത് പഞ്ചായത്തിന് പരിഗണിക്കാവുന്നതാണ് എന്ന ആദ്യ വിധിയും ഉദ്യോഗസ്ഥർ അട്ടിമറിക്കുകയായിരുന്നു. എൽഎ പട്ടയങ്ങൾക്ക് മാത്രമായ കോടതി വിധി ഡബ്ല്യുസിഎസ് പട്ടയങ്ങൾക്ക് കൂടി ബാധകമാക്കാൻ ശഠിച്ച ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ ജനങ്ങളോട് മറുപടി പറയണം. പട്ടയവുമായി ബന്ധപ്പെട്ട ആദ്യ വിധി വന്നപ്പോൾ തന്നെ ഡബ്ല്യുസിഎസ് പട്ടയങ്ങൾ ഇതിൽപ്പെടുന്നില്ലെന്ന് ചൂണ്ടികാണിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് തദ്ദേശ സ്വയംഭരണവകുപ്പിന്റെയും റവന്യു വകുപ്പിന്റെയും മന്ത്രിമാരുമായി ഭരണ സമിതി കൂടികാഴ്ച നടത്തി. അന്നെല്ലാം ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ ഇതുവരെ തെറ്റ് തിരുത്താൻ തയ്യാറായില്ല.
നിയന്ത്രണങ്ങളും പ്രത്യേക നിയമങ്ങളും മൂലം ജനജീവിതം ദുസഹമായ വയനാട്ടിൽ ഇല്ലാത്ത നിയമങ്ങൾകൂടി അടിച്ചേൽപ്പിച്ച് ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് അവസാനിപ്പിക്കണം. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെടുക്കുന്ന ജനവിരുദ്ധ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇനിയെങ്കിലും ജാഗ്രത പാലിക്കണം
പ്രസിഡന്റ് ഷീല പുഞ്ചവയൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, ജയമുരളി, കെ.വി.ശശി, സുജാത ഹരിദാസ്, വി.ടി.ബേബി, ബിന്ദു അനന്തൻ, ഷാജി പാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.