കൽപ്പറ്റ: അമ്പിലേരിയിൽ നിന്ന് മുണ്ടേരിയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന മുണ്ടേരി നടപ്പാലം അപകട ഭീഷണിയിൽ. മൂന്ന് അടി മാത്രം വീതിയുള്ള കാലപ്പഴക്കംചെന്ന നടപ്പാലം നിലംപൊത്താവുന്ന അവസ്ഥയിലാണ്. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന പാലമാണിത്. പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നിരിക്കുകയാണ്.

പുഴയിൽ വെള്ളം ഉയർന്നാൽ പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിയാണ് ആളുകൾ നടന്നു നീങ്ങുന്നത്. നടപ്പാലത്തിനുപകരം വലിയ പാലം നിർമ്മിക്കണമെന്ന് ഏറെക്കാലമായി പ്രദേശവാസികൾ ആവശ്യപ്പെടുന്നതാണ്. നിർമാണം പുരോഗമിക്കുന്ന അമ്പിലേരി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് 50 മീറ്റർ മാത്രം ദൂരമേയുള്ളൂ. പാലം നിർമ്മിച്ചാൽ മുണ്ടേരിയിൽ നിന്ന് എളുപ്പത്തിൽ എത്താൻ കഴിയും.

നിലവിലെ അപകടാവസ്ഥയിലായ പാലത്തിലൂടെ ബൈക്കും സൈക്കിളും നാട്ടുകാർ ഓടിച്ചു പോകാറുണ്ട്. അപകടകരമായ ഈ യാത്ര ഒഴിവാക്കാൻ പാലം പൊളിച്ചു പണിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.