jimnas
ജിംനാസ്

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്ന് പണവും മൊബൈൽ ഫോണുകളും കവരുന്നത് പതിവാക്കിയ മൂന്നംഗസംഘം പിടിയിൽ. കുറ്റിക്കാട്ടൂർ വെള്ളിപറമ്പ് ചേലിക്കര വീട്ടിൽ മുഹമ്മദ് ജിംനാസ് ( 28), ചേലേമ്പ്ര ചേലൂപാടം മരക്കാംകാരപറമ്പ് രജീഷ് (26), മൂടാടി മുചുകുന്ന് പുളിയഞ്ചേരി കിഴക്കെ വാര്യംവീട്ടിൽ ഷാനിദ് ( 24) എന്നിവരെയാണ് മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാലുവും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ മോഷണം പോകുന്നതായ പരാതിയിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഇൻ ചാർജ് അമോസ് മാമന്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ മെഡിക്കൽ കോളേജിന് സമീപം ഒരു താമസ സ്ഥലത്ത് നിന്ന് മോഷ്ടിച്ച എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത് സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നു. അതിന്റെ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പരിസരത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ മുറിയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ജിംനാസിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ വിവിധ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിലാണ് പാളയത്തെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്ന ഷാനിദിനെയും രജീഷിനെയും പൊലീസ് പിടികൂടുന്നത്. ലഹരിക്ക് അടിമകളായ ഇവർ നിരവധി വാഹന മോഷണ കേസുകളിലും പ്രതികളാണ്. ഒരു മാസം മുമ്പാണ് ജയിൽ മോചിതരായതെന്ന് അസി.കമ്മിഷണർ പറഞ്ഞു.