മേപ്പാടി: ടൗണിലെയും പരിസരങ്ങളിലേയും തെരുവുനായ ശല്യത്തിന് പരിഹാരമായില്ല. രാപ്പകൽ വ്യത്യാസമില്ലാതെ നിരവധി നായകളാണ് ടൗണിൽ അലയുന്നത്. ഒറ്റയ്ക്കും കൂട്ടമായും നായകൾ വിഹരിക്കാൻ തുടങ്ങിയതോടെ ധൈര്യമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

മാർക്കറ്റ് പരിസരം, ബസ്‌സ്റ്റാൻഡ് പരിസരം, കെ ബി റോഡ് എന്നിവിടങ്ങളിലെല്ലാം നിരവധി നായ്ക്കളാണ് അലയുന്നത്. ഒരു മാസം മുൻപ് ബസ്‌സ്റ്റാൻഡ് പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന വൃദ്ധനെ തെരുവുനായ കടിച്ചു കീറിയിരുന്നു.

മണ്ണാത്തിക്കുണ്ട്, കുന്നമംഗലം വയൽ എന്നിവിടങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഏതാനും മാസം മുൻപ് നിരവധിപേർക്ക് കടിയേറ്റിരുന്നു. തെരുവുനായകളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. രാവിലെ നടക്കാനിറങ്ങുന്നവരും വിദ്യാർഥികളും ഏറെ ഭയന്നാണ് നടക്കുന്നത്. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാർ.