news
പൊട്ടി തകർന്ന് വെള്ളം കെട്ടി കിടക്കുന്ന പള്ളിയത്ത് പെരുവയൽ റോഡ്

കുറ്റ്യാടി: പൊട്ടിത്തകർന്ന് ചെളിക്കുളമായി മാറിയ വേളം പള്ളിയത്ത് പെരുവയൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. വേളത്തെ പ്രധാനറോഡുകളിലൊന്നായ റോഡ് പൂർണ്ണമായും പൊട്ടിത്തകർന്ന നിലയിലാണ്. കുണ്ടുംകുഴിയും വെള്ളകെട്ടും കാരണം റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിട്ട് മാസങ്ങളോളമായി. വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളടക്കം കുഴികളിൽ വീഴുന്നതും യാത്രക്കാർക്ക് അപകടം സംഭവിക്കുന്നതും നിത്യസംഭവമായി മാറുകയാണ്. ചെറുവണ്ണൂർ, ആയഞ്ചേരി, ചങ്ങരോത്ത്, തിരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിലൂടെ ദിവസവും നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ആവള,ആയഞ്ചേരി.വേളം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളും ആവള പി .എച്ച്. സി,വേളം സി.എച്ച്. സി, കാഞ്ഞിരാട്ട് തറ സി.എച്ച്. സി എന്നിവിടങ്ങളിലേക്ക് പോകുന്ന രോഗികളും പഞ്ചായത്തിലെ പ്രധാന അങ്ങാടിയായ പള്ളിയത്തേക്കും പ്രദേശത്തെ മറ്റ് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്നവർ ആശ്രയിക്കുന്ന റോഡാണിത്. റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പള്ളിയത്ത് പെരുവയൽ റോഡ് ഗതാഗതയോഗ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയോടും , ബന്ധപെട്ട അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുള മുള്ളതിൽ പറഞ്ഞു.

റോഡിലെ കുണ്ടും കുഴികളും അടച്ച് ഗതാഗതയോഗ്യമാക്കാൻ വേണ്ട നടപടികൾ പി.ഡബ്ലു.ഡി സ്വീകരിച്ചിട്ടുണ്ട്.- കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ