പേരാമ്പ്ര : കാത്തിരിപ്പിന് വിരാമം. കൊവിഡിൽ നിലച്ചുപോയ ചങ്ങരോത്ത് ഒറ്റക്കണ്ടം കുടുംബക്ഷേമ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏറെക്കാലമായി പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററായി പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനം കൊവിഡ് കാലത്തോടെ മന്ദഗതിയിലാവുകയായിരുന്നു. അഞ്ച് ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തിയോടെയാണ് പുരോഗമിക്കുന്നത്. സ്ഥാപനത്തിന്റെ അകത്ത് ടെെൽസ് വിരിക്കുകയും മുറ്റത്ത് സിമന്റ് കട്ട പതിച്ച് മൂന്ന് ഭാഗവും പൈപ്പ് ഉപയോഗിച്ച് ഷിറ്റ് ഇട്ട് ഭംഗിയാക്കുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് ആഴ്ചയിലൊരിക്കൽ ഇവിടെ ഒരു ഡോക്ടറുടെയും നേഴ്സിന്റെയും സേവനം ലഭിച്ചിരുന്നു. എന്നാൽ കൊവിഡിന്റെ വരവോടെ ഇത് നിലച്ചത് നാട്ടുകാരെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. കേന്ദ്രം പ്രവർത്തനസജ്ജമാക്കണമെന്ന് അന്ന് പരിസരവാസികളടക്കം ആവശ്യപ്പെട്ടിരുന്നു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തിക്ക് അനുവദിക്കുകയും ചെയ്തു . ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങുന്നതോടെ പന്തിരിക്കര, ഒറ്റക്കണ്ടം, കോക്കാട്, തരിപ്പിലോട് മേഖലയിലെ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യും . 'ഒറ്റക്കണ്ടം കുടുംബക്ഷേമകേന്ദ്രം നിർമ്മാണം പൂർത്തികരിച്ച് ഡോക്ടറെയും അനുബന്ധ പ്രവർത്തകരെയും നിയമിക്കുന്നത് മേഖലയുടെ ആരോഗ്യ വികസനത്തിന് നാഴികകല്ലാവും' :പ്രകാശൻ പന്തിരിക്കര സാമൂഹ്യ പ്രവർത്തകൻ