കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദ്വിവർഷാന്ത പൊതുയോഗത്തിൽ നിലവിലെ ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവന്റെ നേതൃത്വത്തിലുള്ള ജില്ല കമ്മറ്റി വിണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൈനാട്ടി ജില്ലാ വ്യാപാര ഭവനിൽ നടന്ന യോഗം സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.
കൊവിഡ് കാലത്ത് സെക്ടറൽ മജിസ്‌ട്രേറ്റ്മാരെ വെച്ച് ചെയ്തതുപോലെ ഇപ്പോൾ ജി.എസ്.ടി ഉദ്യോഗസ്ഥരെ വെച്ച് ടെസ്റ്റ് പർച്ചേസ് പിടിച്ച് പറി നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര സൗഹൃദമെന്ന പേരിൽ നടക്കുന്ന ബിസിനസ് മീറ്റിലും മേളയിലും മുഖ്യ പങ്കാളികൾ ആഗോള കുത്തകളാണ്.
സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ.തോമസുകുട്ടി കോട്ടയം, അബ്ദുൾ ഹാമിദ് തൃശൂർ, അഹമ്മത് ഷെറീഫ് കാസർകോട് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഒ.വി.വർഗ്ഗീസ് സ്വാഗതം പറഞ്ഞു.
ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച യൂണിറ്റുകൾക്കുള്ള ഒന്നാം സ്ഥാനം പുൽപ്പള്ളി, അമ്പലവയൽ യൂണിറ്റുകൾ പങ്കുവെച്ചു. മികച്ച രണ്ടാം സ്ഥാനം മേപ്പാടി, കമ്പളക്കാട് യൂണിറ്റുകളും മൂന്നാം സ്ഥാനം മീനങ്ങാടി, കേണിച്ചിറ യുണിറ്റുകളും കരസ്ഥമാക്കി.
ഏകോപന സമിതി വാർത്ത പുരസ്‌ക്കാരം ഷിൻന്റോ ജോസഫ്, കെ.ആർ.അനൂപ് എന്നിവർക്ക് സമ്മാനിച്ചു. മികച്ച വനിത സംരംഭകരായ ആർ.കല ബത്തേരി, ലൗലി തോമസ് മാനന്തവാടി, സിജിത്ത് ജയപ്രകാശ് മീനങ്ങാടി, കെ.എം.സൗദ കൽപ്പറ്റ എന്നിവർക്കും മികച്ച യുവ സംരംഭകരായ ഉസ്മാൻ മദാരി വൈത്തിരി, ലിയോ ടോമി പുൽപ്പളളി എന്നിവർക്ക് ഉപഹാരം നൽകി.
ജില്ല ഭാരവാഹികൾ: കെ.കെ.വാസുദേവൻ (പ്രസിഡന്റ്), ഒ.വി.വർഗ്ഗീസ് (ജന.സെക്രട്ടറി), ഇ.ഐദ്രു (ട്രഷറർ), കെ.ഉസ്മാൻ, കുഞ്ഞിരായിൻ ഹാജി, കെ.ടി.ഇസ്മായിൽ (വൈസ് പ്രസിഡന്റുമാർ).