കൽപ്പറ്റ: ഏതാനും മാസം മുമ്പ് നിർമ്മിച്ച റോഡിന്റെ സംരക്ഷണഭിത്തി നിലംപൊത്തി. കൽപ്പറ്റ മേപ്പാടി റോഡിൽ വിനായക ബൈപാസ് റോഡ് ജംഗ്ഷനിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സംരക്ഷണഭിത്തിയാണ് നിലംപൊത്തിയത്. നിർമാണത്തിലെ അപാകതയാണ് സംരക്ഷണ ഭിത്തി തകരാൻ കാരണമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
മഴ ഇല്ലാതിരുന്ന സമയത്താണ് പത്തു മീറ്റർ ഭാഗത്തെ കരിങ്കല്ലിൽ കെട്ടിയ ഭിത്തി തകർന്നത്. നേരത്തെ ഉണ്ടായിരുന്ന സംരക്ഷണഭിത്തിക്ക് മുകളിൽ തന്നെ നിർമ്മാണം നടത്തിയതാണ് ഭിത്തി തകരാൻ കാരണമായത്. ഈ ഭാഗത്ത് റോഡിനും വിള്ളൽ വീണിട്ടുണ്ട്. ഏതാണ്ട് 15 മീറ്റർ ഭാഗത്തെ സംരക്ഷണ ഭിത്തിയും സമാനമായ രീതിയിൽ നിലംപതിക്കുമെന്ന അവസ്ഥയിലാണ്.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ഈ ഭാഗത്ത് റോഡ് ഒരു മീറ്റർ ഉയർത്തി നിർമിച്ചിരുന്നു.
കൈത്തോടിന് സമീപം നിർമ്മിച്ച സംരക്ഷണഭിത്തിയുടെ
ഉള്ളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് ബലക്ഷയം നേരിട്ടതും തകർച്ചയ്ക്ക് കാരണമായി. ഈ ഭാഗത്ത് വെള്ളം ഒഴുകിപോകുന്നതിന് തോടിന് നന്നേ വീതി കുറവാണ്. തോടിന് വീതി വർദ്ധിപ്പിച്ച് നീരൊഴുക്ക് സാധാരണനിലയിൽ ആക്കേണ്ടതുണ്ട്.