കോഴിക്കോട്: ആവിക്കൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റിനെതിരെ ഇന്നലെയും പ്രതിഷേധം ശക്തം. മാലിന്യ പ്ലാന്റ് സർവേ ഇന്നലെയും തുടർന്ന സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ രാവിലെ മുതൽ സമരമുഖത്ത് ഉണ്ടായിരുന്നു. ബീച്ച് റോഡിന്റെ ഒരു ഭാഗത്ത് പുരുഷന്മാരും മറ്റൊരു ഭാഗത്ത് സ്ത്രീകളും ഇരുന്ന് റോഡ് ഉപരോധിച്ചു. അറസ്റ്റ് ചെയ്ത് എത്ര ദിവസത്തേയ്ക്ക് മാറ്റിയാലും മാലിന്യ പ്ലാന്റ് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിഷേധം മുന്നിൽ കണ്ട് സ്ഥലത്ത് ബാരിക്കേഡടക്കം നിരത്തി വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും റോഡിൽ പന്തൽ കെട്ടി നാട്ടുകാർ പ്രതിഷേധം കടുപ്പിക്കുകയും ചെയ്തു. എം.കെ മുനീർ എം.എൽ.എ അടക്കമുള്ള നേതാക്കൾ എത്തി പിന്തുണ അറിയിച്ചു. രാവിലെ മുതലാരംഭിച്ച പ്രതിഷേധം 12.30ന് പിരിയുകയും പിന്നീട് രണ്ട് മണിക്ക് കോർപ്പറേഷനിലേയ്ക്ക് കൗൺസിലർ സൗഫിയ അനീഷിന്റെയും സമരസമിതി ഭാരവാഹികളുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ പി.എം നിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കോർപറേഷന്റെ തീരുമാന പ്രകാരമാണ് കഴിഞ്ഞ ദിവസം സർവേ നടപടികൾ പുനരാരംഭിച്ചത്. എന്നാൽ ഒരു കാരണവശാലും പ്രദേശത്ത് മാലിന്യ സംസ്‌കാരണ പ്ലാന്റ് തുടങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞ കൗൺസിലറും സ്ത്രീകളും അടക്കമുള്ള നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്ത് കസബ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് ഇവരെ വിട്ടയച്ചത്. സമരവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി സമരസമിതിയും യു.ഡി.എഫും എം.കെ രാഘവൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ പി.എം നിയാസ് എന്നിവരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. സർവേ നടപടികൾ തുടരുകയാണെകിൽ വരും ദിവസങ്ങളിലും പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.