കൽപ്പറ്റ: ജീവിച്ചിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾക്ക് കാണാൻ അവരുടെ പ്രതിമ നിർമ്മിച്ച് സമർപ്പിച്ചിരിക്കുകയാണ് കൊമ്മയാട് തെങ്ങുംതോട്ടത്തിൽ സജി മാത്യു. മിറാക്കിൾ ഹോളിഡേയ്സ് എന്ന പേരിൽ കൊമ്മയാട് വീടിനോട് ചേർന്നുള്ള ഹോംസ്റ്റേയ്ക്ക് സമീപമാണ് അഛൻ തെങ്ങുംതോട്ടത്തിൽ മത്തായിയുടെയും അമ്മ റോസയുടെയും പ്രതിമകൾ നിർമ്മിച്ചത്.
കുടിയേറ്റ കർഷകരായ മത്തായിയും റോസയും കഠിനാധ്വാനം ചെയ്താണ് മക്കളെ പഠിപ്പിച്ച് വളർത്തിയത്. ജീവിച്ചിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾക്ക് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും, അവരോടുള്ള ആദരവുമാണ് പ്രതിമയിലേക്ക് വഴിതെളിച്ചതെന്ന് സജി പറയുന്നു.
മത്തായി ജലചക്രമുപയോഗിച്ച് വെള്ളം തേവുന്നതും റോസ ഭർത്താവിന് ചായയുമായി വരുന്നതുമാണ് പ്രതിമകളായി നിർമ്മിച്ചിരിക്കുന്നത്.
ജലചക്രം യന്ത്ര സഹായത്തോടെ പ്രവർത്തിക്കും. ദിവസവും നിരവധിപേർ ശിൽപ്പങ്ങൾ കാണാനായി ഇവിടെ എത്തുന്നുണ്ട്.
കൂളിവയൽ സ്വദേശിയും ആസാമിൽ ശിൽപ്പിയുമായ സി.എം.ജോസാണ് ഫൈബറിൽ ഒരാഴ്ച കൊണ്ട് പ്രതിമ നിർമ്മിച്ചത്. ശിൽപ്പി നേരത്തെ വന്ന് ഫോട്ടോ എടുത്തിരുന്നുവെന്നും പ്രതിമ നിർമ്മിക്കാനാണെന്ന് അറിഞ്ഞിരുന്നില്ലന്നും ഉദ്ഘാടന വേളയിൽ കർട്ടൻ മാറ്റിയപ്പോൾ മാത്രമാണറിഞ്ഞതെന്നും മത്തായി പറഞ്ഞു. നാട്ടിലെ മുതിർന്ന കർഷകനായ 93 വയസ്സുള്ള ജോസഫ് മഠത്തികുന്നേലാണ് പ്രതിമ അനാഛാദനം ചെയ്തത്. കൊമ്മയാട് പള്ളിവികാരി ഫാ.ജോസ് കപ്യാർമല സന്നിഹിതനായിരുന്നു.