കോഴിക്കോട്: ശാന്തനോർമകൾ നിറഞ്ഞ വെള്ളിയാഴ്ചയുടെ സന്ധ്യയിൽ 'ഭൂപടം മാറ്റിവരയ്ക്കുമ്പോൾ' എന്ന നാടകം അരങ്ങേറുമ്പോൾ ടൗൺഹാൾ ശാന്തമായിരുന്നു. അത്ര എളുപ്പത്തിൽ വർഗീയവാദികൾക്ക് സാംസ്കാരിക ഭൂപടം മാറ്റിവയ്ക്കാനാവില്ലെന്ന് ശാന്തന്റെ കഥാപാത്രം പറയുമ്പോൾ അത് ചെന്നുതറയ്ക്കുന്നത് മതവാദികളുടെ നെഞ്ചിലാണ്. അന്ധവിശ്വാസങ്ങൾ ഒരു നാടിനെ പിന്നോട്ട് നയിക്കുമെന്നും നവോത്ഥാനമാണ് പ്രതീക്ഷയെന്നും വ്യക്തമാക്കുന്നതായിരുന്നു നാടകം.
റെഡ് യംഗ്സ് മഞ്ചാടിക്കുരുവും ശാന്തന്റെ ചങ്ങാതിമാരും ചേർന്ന് ടൗൺഹാളിൽ സംഘടിപ്പിച്ച 'കൂവാഗം- ശാന്തനോർമ്മ' പരിപാടിയിലാണ് കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തിൽ പുരസ്ക്കാരം നേടിയ എ. ശാന്തകുമാറിന്റെ പ്രശസ്ത നാടകമായ 'ഭൂപടം മാറ്റിവരയ്ക്കുമ്പോൾ' അരങ്ങേറിയത്. ടൗൺഹാളിൽ നടന്ന നാടകം നടൻ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു.
കോഴിക്കോടിന്റെ നാടക സംസ്കാരത്തിന്റെ പ്രതിനിധിയാണ് ശാന്തനെന്ന് പ്രകാശ് ബാരെ പറഞ്ഞു. കോഴിക്കോടിന്റെ സംസ്കാരത്തിൽ നാടകത്തിന് വലിയ പങ്കുണ്ട്. നല്ല നിലപാടുള്ള, അത് നട്ടെല്ലോടെ നാടകത്തിലൂടെയും അല്ലാതെയും സമൂഹത്തിലെത്തിച്ചിട്ടുള്ള ഒരുപാട് പ്രതിഭകളെ കോഴിക്കോട് നൽകിയിട്ടുണ്ട്. ആ പരമ്പരയിലെ ഒരു കണ്ണിയാണ് ശാന്തൻ. സാംസ്കാരിക രംഗത്ത് വലിയ അപചയം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അപചയങ്ങളുടെ നടുവിലും ശാന്തനെ ഓർക്കുന്നു. എത്ര അമർച്ച ചെയ്താലും നീതിയും സത്യവും നല്ല സംസ്കാരവും പൊങ്ങിവരുമെന്നും ഒരുപാടുപേരുടെ ജീവിതത്തെ തൊട്ടുരുമ്മിപ്പോയ മാന്ത്രികനായിരുന്നു ശാന്തനെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർത്തു. മോഹനൻ പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അപ്പുണ്ണി ശശി, ടി.വി ബാലൻ, ടി.സുരേഷ് ബാബു, വിജയൻ കാരന്തൂർ, സതീഷ്.കെ.സതീഷ്, ഗിരീഷ് പി.സി പാലം, സുനിൽ അശോകപുരം, ശ്രീജിത്ത് പൊയിൽക്കാവ്, നവീൻരാജ്, ജയപ്രകാശ് കാര്യാൽ, പ്രിയ വെള്ളിമാടുകുന്ന്, ജ്യോതിഷ്, സുധി പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം നാടകം അരങ്ങേറി.
ഇന്നലെ രാവിലെ നടന്ന ശാന്തസ്മൃതി ഫോട്ടോ ഗ്യാലറിയുടെ ഉദ്ഘാടനം ജയപ്രകാശ് കുളൂർ നിർവഹിച്ചു . രണ്ടു മണിക്ക് ലൈംഗിക തൊഴിലാളികളുടെ വ്യഥകൾ വരച്ചുകാട്ടിയ 'ഒറ്റ രാത്രിയുടെ കാമുകിമാർ' എന്ന നാടകത്തിന്റെ അരങ്ങ് അനുഭവം രാഖി, ബിനോയ്.വി.ദേവ്, രമ നാരായണൻ, അനശ്വര സുരേഷ്, അപർണശിവകാമി തുടങ്ങിയവർ പങ്കുവെച്ചു . നാലിന് 'ശാന്തന്റെ പെണ്ണുങ്ങൾ' ചർച്ചയും നടന്നു.