സുൽത്താൻ ബത്തേരി: ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് പട്ടിണി രൂക്ഷമായപ്പോൾ ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം വനഭൂമിയിൽ കുടിയിരുത്തിയ രണ്ടായിരത്തോളം കർഷകരുടെ നിലനിൽപ്പ് ഇപ്പോഴും അനിശ്ചിതത്വത്തിൽ. നാല് തലമുറകളായി ലീസ് ഭൂമിയിൽ കൃഷി ചെയ്തുവന്ന കർഷകരാണ് ഭൂമിയിൽ ഇന്നും യാതൊരു ഉടമസ്ഥാവകാശവുമില്ലാതെ അന്യവൽക്കരിക്കപ്പെട്ട് കഴിയുന്നത്.
നൂറ്റാണ്ട് പിന്നിട്ട കൈവശ ഭൂമിക്ക് അവകാശം കിട്ടുന്നതിനായി കർഷകർ തുടർന്നുവരുന്ന സമരത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
1914-ന് ശേഷം പദ്ധതി പ്രകാരം ബത്തേരി, മാനന്തവാടി നഗരസഭകളിലും നൂൽപ്പുഴ, നെന്മേനി പഞ്ചായത്തുകളിലുമാണ് കർഷകർക്ക് വനഭൂമി ലീസിന് നൽകിയത്. ഇതിനകം ഭൂമി പല തലമുറകളായി കൈമാറുകയും ചെയ്തു.
2004 വരെ ഭൂമിക്ക് നികുതി സ്വീകരിച്ചിരുന്നു. പാട്ടപൈസ എന്ന പേരിലാണ് നികുതി എടുത്തിരുന്നത്. ഭൂമിക്ക് പട്ടയം നൽകുന്നതിന് നടപടികൾ തുടങ്ങിയെങ്കിലും പിന്നീട് അതുമായി ബന്ധപ്പെട്ട നടപടികൾ തുടർന്നില്ല.
എന്നാൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇത്തരത്തിലുള്ള ഭൂമിക്ക് ഉടമസ്ഥാവകാശം നൽകുകയുണ്ടായി. 99 വർഷം പിന്നിട്ടതോടുകൂടി ലീസ് ഭൂമിക്ക് 2004 മുതൽ നികുതി സ്വീകരിക്കാതെയായി.
നികുതി നിഷേധം വന്നതോടെ ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും തടയപ്പെട്ടു. നെൽകൃഷിക്കുള്ള ഇൻഷൂറൻസ്, നെൽകൃഷി സബ്സിഡി, പിഎം കിസാൻ സമ്മാൻ നിധി, എഐഎംഎസ് പോർട്ടൽ രജിസ്ട്രേഷൻ, പഞ്ചായത്ത് ആനുകൂല്യങ്ങൾ, കേന്ദ്ര-സംസ്ഥാന ആനുകൂല്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങളായ വാസയോഗ്യമായ വീട്, കുടിവെള്ള പദ്ധതികൾ, സഞ്ചാരയോഗ്യമായ റോഡുകൾ എന്നിവയും നിഷേധിച്ചിരിക്കുകയാണ്. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം കിട്ടാൻ അർഹതപോലും ഇല്ലാതായി. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ കിട്ടാതെയായി. ജനങ്ങളുടെ പട്ടിണി മാറ്റുന്നതിന് കൃഷിചെയ്ത് ജനങ്ങളുടെ വിശപ്പ് മാറ്റിയ കർഷകർ അവസാനം ഒന്നുമില്ലാത്ത നിലയിലായി.
വയനാടൻ ചെട്ടിമാരാണ് ലീസ് കർഷകരിൽ ഭൂരിഭാഗമെങ്കിലും, ഭുമി തലമുറ കൈമാറിയതോടെ എല്ലാവിഭാഗം ആളുകളും ഭൂമിയുടെ അവകാശികളായി. വലിയൊരു ജനവിഭാഗമാണ് ഇപ്പോൾ ലീസ് ഭൂമിയാണെന്നതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നത്.