കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ പി.ഡബ്ല്യു.ഡി ദേശീയപാത ഉപവിഭാഗത്തിൽ ജീവനക്കാർ തമ്മിലുണ്ടായ കൈയാങ്കളിയിൽ ഭിന്നശേഷിക്കാരനായ ക്ലർക്കിന് സസ്‌പെൻഷൻ. കേൾവി ശേഷിയില്ലാത്ത ചേവായൂർ ആവിലേരി അമ്പാടിയിൽ പി.എസ്.അരുൺകുമാറിനെയാണ് അന്വേഷണ വിധേയമായി പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനിയർ കെ.ആർ.മധുമതി സസ്‌പെൻഡ് ചെയ്തത്. ഓഫീസിലെ വനിതാ ജീവനക്കാരിയെയടക്കം രണ്ടുപേരെ മർദ്ദിക്കുകയും ഓഫീസ് പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. സിവിൽ സ്റ്റേഷനിലെ പി.ഡബ്ല്യു.ഡി ദേശീയപാത ഉപവിഭാഗത്തിലാണ് അരുൺകുമാർ. ഹെഡ്ക്ലർക്ക് എ.വി.രഞ്ജിനി, സീനിയർ ക്ലർക്ക് പി.ഫിറോസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. അതേസമയം സംഘർഷത്തിൽ പരിക്കേറ്റ അരുൺകുമാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ടുപേരുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തെങ്കിലും അരുൺകുമാറിനെ മർദ്ദിച്ചതിന് അമ്മ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.