കോഴിക്കോട്: രാഹുൽഗാന്ധിയുടെ കൽപറ്റയിലെ എം.പി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ ജില്ലയിൽ വ്യാപക പ്രതിഷേധം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു, മഹിളാ കോൺഗ്രസ് സംഘടനകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടെ റോഡരികിൽ സ്ഥാപിച്ച സി.പി.എമ്മിന്റെയും പോഷകസംഘടനകളുടെയും ഫ്ലക്സ് ബോർഡുകളും തോരണങ്ങളും തകർത്തു. മാർച്ച് കമ്മിഷണർ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ഒരു മണിക്കൂറോളം റോഡ് ഉപരോധിക്കുകയും കമ്മിഷണർ ഓഫിസിന് മുന്നിൽ ടയർ കത്തിക്കുകയും ചെയ്തു. മാർച്ച് ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. രാഹുൽഗാന്ധിക്കെതിരെ ഇ.ഡിയെ വെച്ച് മോദി നടത്തുന്ന വേട്ടയാടലിന് കേരളത്തിൽ എസ്.എഫ്.ഐക്കാർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിമാരായ വി.പി ദുൽഖിഫിൽ, ഒ.ശരണ്യ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, ഷാജർ അറാഫത്ത്, കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാൽ, എൻ.ലബീബ്, ശ്രീയേഷ് ചെലവൂർ, എം.പി.ബവിൻ രാജ്, ടി.എം.നിമേഷ്, എം.പി.എ.സിദ്ദിഖ്, സുജിത്ത് ഒളവണ്ണ എന്നിവർ പ്രസംഗിച്ചു.