bus
bus

കോഴിക്കോട്: വിദ്യാർത്ഥികളുടെ ബസ് യാത്രാ ആനുകൂല്യവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി എ.ഡി.എം സി.മുഹമ്മദ് റഫീഖിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ആർ.ടി.ഒ, വിദ്യാർത്ഥി, അദ്ധ്യാപക, കോളേജ്, ബസ് ഉടമാ പ്രതിനിധികൾക്കായി നടത്തിയ യോഗത്തിൽ യാത്രാ ആനുകൂല്യവുമായി ബന്ധപ്പെട്ട് വിവിധ കാര്യങ്ങൾ ചർച്ച ചെയ്തു.

സർക്കാർ,​ എയ്ഡഡ് മേഖലകളിൽ അതാത് സ്ഥാപനങ്ങൾ ഒപ്പിട്ടു നൽകുന്ന പാസും, അൺ എയ്ഡഡ് മേഖലയിൽ ബസുടമകളുടെ ഭാരവാഹികളും, വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും, പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികളും, ആർ.ടി.ഒയും ഉൾപ്പെടുന്ന കമ്മിറ്റി സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി അംഗീകാരമുള്ള കോഴ്‌സുകൾക്കും അംഗീകാരമുള്ള സ്ഥാപനങ്ങൾക്കുമാണ് പാസ് അനുവദിക്കുക. ഇതിനായി എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 2.30 ന് ജില്ലാ ആർ.ടി.ഒ ഓഫീസിൽ പ്രതിനിധികളുടെ യോഗം ചേരാനും തീരുമാനമായി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ആർ.ടി.ഒ പി.ആർ. സുമേഷ്, വടകര ആർ.ടി.ഒ സി.വി.എം. ഷെറീഫ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എസ്.ഐ. അഷ്‌റഫ്, സിറ്റി ട്രാഫിക് പൊലീസ് എ.വി. ബിജു, വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, പാരലൽ കോളേജ് അസോസിയേഷൻ പ്രതിനിധികൾ, ബസുടമ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.