കോഴിക്കോട് : ചരിത്ര ഏടുകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് പുതിയ തലമുറയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമതി അംഗം കെ.പി. ശ്രീശൻ. അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റി അടിയന്തരാവസ്ഥയും ദേശീയ വിദ്യാഭ്യാസവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥാ ചരിത്രം ശരിയായ അർത്ഥത്തിലും ആഴത്തിലും പുതിയ തലമുറയിലേക്ക് പകർന്ന് നൽകാൻ സാധിച്ചിട്ടില്ല. ജനാധിപത്യമെന്ന വാക്കിന്റെ ആദ്യത്തെ രണ്ടക്ഷരമായ ജനം എന്നത് അന്നത്തെ പ്രധാനമന്ത്രി കാണാതെ പോയതിന്റെ ഫലമായാണ് അടിയന്തരാവസ്ഥ ഉണ്ടായത്.
ചരിത്ര ഏടുകൾ പരിശോധിച്ച് അതിൽ നിന്ന് പഠിക്കാനുള്ളത് പഠിക്കാനും തിരുത്താനുള്ളത് തിരുത്താനും നമ്മൾ തയ്യാറാകണം.ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനുമായ ഡോ.എം. അബ്ദുൾ സലാം,ഡോ:ഇ.പി.ജ്യോതി, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി,ടി.കെ.സുധാകരൻ എന്നിവർ സംസാരിച്ചു. അടിയന്തരാവസ്ഥ സമരത്തിൽ പങ്കെടുത്തവരെ ചടങ്ങിൽ ആദരിച്ചു.