അത്തോളി: അത്തോളി കോടശ്ശേരിയിൽ പതിനാല് പവൻ സ്വർണം മോഷ്ടിച്ച അന്തർസംസ്ഥാന യുവാവ് പിടിയിൽ. തമിഴ്നാട് മേട്ടുപാളയം സ്വദേശി വിജയൻ എന്ന കുട്ടി വിജയൻ (48) ആണ് പിടിയിലായത്. കുറ്റിക്കാട്ടൂരിലെ വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് .പ്രതിയെ പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു . കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് അത്തോളി കോടശ്ശേരി സ്വദേശി തെറ്റികുന്നുമ്മൽ റഷീദിന്റെ വീട്ടിൽനിന്ന് പതിനാല് പവൻ സ്വർണം മോഷണം പോയത്. കോടശ്ശേരി സ്വദേശി റഷീദും കുടുംബവും വീട് പൂട്ടി ആലപ്പുഴയിൽ പോയ സമയത്തായിരുന്നു മോഷണം. വിജയനും കൂട്ടാളിയും വാതിൽ തകർത്താണ് അകത്ത് കടന്നത്. സ്വർണാഭരണങ്ങളുമായി ആദ്യം തമിഴ്നാട്ടിലേക്കും പിന്നീട് ബംഗളൂരുവിലേക്കും കടന്നു സ്വർണ്ണം വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ് ഇയാൾ. 2007 ൽ കോഴിക്കോട് മാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിലും പ്രതിയാണ് ഇയാൾ. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ സ്കോഡ് എസ്ഐമാരായ രാജീവ് ബാബു,വി.കെ. സുരേഷ്, കെ.പി. രാജീവൻ, പി. ബിജു, അത്തോളി സബ് ഇൻസ്പെക്ടർ രഘുനാഥൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.വി. ഷാജി എന്നിവരാണ് ഉണ്ടായിരുന്നത്